മൈസൂരു: ബന്ദിപ്പുർ വനത്തിലെ ഹിമവദ് ഗോപാലസ്വാമി ക്ഷേത്രത്തിൽ ഐ.എ.എസ്. ഉദ്യോഗസ്ഥ കാട്ടാനയ്ക്ക് ഭക്ഷണംനൽകിയത് വിവാദമായതോടെ വനംവകുപ്പ് അന്വേഷണം തുടങ്ങി. മകരസംക്രാന്തിദിനത്തിൽ ക്ഷേത്രത്തിൽ ദർശനത്തിനെത്തിയപ്പോഴാണ് നഗരവികസന ഡയറക്ടറേറ്റിന്റെ ഡയറക്ടറായ ബി.ബി. കാവേരി ആനയ്ക്ക് ശർക്കരയും പഴവും നൽകിയത്. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് വനംവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചത്.

സ്ഥിരമായി ക്ഷേത്രത്തിലെത്താറുള്ള 20 വയസ്സുള്ള ആനയ്ക്കാണ് ഐ.എ.എസ്. ഉദ്യോഗസ്ഥ ഭക്ഷണം നൽകിയത്. ക്ഷേത്രത്തിൽ ബാക്കിവരുന്ന പ്രസാദം ആനയ്ക്ക് കൊടുക്കുന്നതു പതിവാണ്. ഇതേത്തുടർന്നാണ് ഉദ്യോഗസ്ഥയും ഭക്ഷണംനൽകിയതെന്നാണ് വിവരം. എന്നാൽ, കാട്ടാനയ്ക്ക് ഭക്ഷണംകൊടുക്കുന്നതു തെറ്റാണെന്നും ഐ.എ.എസ്. ഉദ്യോഗസ്ഥ വിവേകത്തോടെ പെരുമാറണമായിരുന്നെന്നും വന്യജീവിസംരക്ഷണപ്രവർത്തകർ ചൂണ്ടിക്കാട്ടി. സംഭവത്തിൽ അന്വേഷണം നടക്കുന്നുണ്ടെന്നും ക്ഷേത്രജീവനക്കാരുടെ പങ്കുകൂടി പരിശോധിക്കുമെന്നും ബന്ദിപ്പുർ ദേശീയോദ്യാനം ഡയറക്ടർ എസ്.ആർ. നാതേഷ് പറഞ്ഞു.