ന്യൂഡൽഹി: കാർഷികനിയമങ്ങൾ ചോദ്യംചെയ്യുന്ന ഹർജികളിൽ കർഷകരും സർക്കാരുമായി ചർച്ചനടത്താൻ സുപ്രീംകോടതി നിയോഗിച്ച നാലംഗസമിതിയിലെ ബാക്കി മൂന്നുപേരെക്കൂടി ഒഴിവാക്കണമെന്ന് കർഷകസംഘടന സുപ്രീംകോടതിയിൽ. കാർഷികനിയമത്തെ പിന്തുണയ്ക്കുന്നവരാണ് ഇപ്പോഴത്തെ അംഗങ്ങൾ എന്നതിനാൽ സ്വാഭവികനീതി ലഭിക്കണമെങ്കിൽ അവരെ മാറ്റണമെന്ന് ഭാരതീയ കിസാൻ യൂണിയൻ ലോക്ശക്തി ചൂണ്ടിക്കാട്ടി.
ജനുവരി 26-ന് കർഷകർ നടത്താനിരുന്ന ട്രാക്ടർ റാലിക്കെതിരേ ഡൽഹി പോലീസ് വഴി കേന്ദ്രസർക്കാർ നൽകിയ ഹർജി തള്ളണമെന്നും യൂണിയൻ ആവശ്യപ്പെട്ടു. ഈ ഹർജി സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കാനിരിക്കുകയാണ്.
സുപ്രീംകോടതി നിയോഗിച്ച നാലംഗസമിതിയിൽനിന്ന് മുൻ രാജ്യസഭാംഗവും ഭാരതീയ കിസാൻ യൂണിയൻ പ്രസിഡന്റും അഖിലേന്ത്യാ കിസാൻ കോ-ഓർഡിനേഷൻ കമ്മിറ്റി ചെയർമാനുമായ ഭൂപീന്ദർ സിങ് മൻ പിന്മാറിയിരുന്നു.
മന്നിനെക്കൂടാതെ ഇന്റർനാഷണൽ ഫുഡ് പോളിസി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ സൗത്ത് ഏഷ്യാ ഡയറക്ടറും കാർഷിക സാമ്പത്തിക വിദഗ്ധനുമായ ഡോ. പ്രമോദ് കുമാർ ജോഷി, കാർഷിക സാമ്പത്തിക വിദഗ്ധൻ അശോക് ഗുലാത്തി, ഷേത്കാരി സംഘടനയുടെ പ്രസിഡന്റ് അനിൽ ഘൻവാത്ത് എന്നിവരടങ്ങുന്ന സമിതിയെയാണ് സുപ്രീംകോടതി നിയോഗിച്ചത്. ഇവരെക്കൂടി ഒഴിവാക്കണമെന്നാണ് ഭാരതീയ കിസാൻ യൂണിയൻ ലോക്ശക്തിയുടെ ആവശ്യം.