ന്യൂഡൽഹി: കേന്ദ്രസർക്കാർ ആശുപത്രിയായ റാം മനോഹർ ലോഹ്യ (ആർ.എം.എൽ.) ആശുപത്രിയിലെ ഡോക്ടർമാർ കോവാക്‌സിൻ സ്വീകരിക്കാൻ വിസമ്മതിച്ചു. റെസിഡന്റ് ഡോക്ടർമാരാണ് എതിർപ്പുയർത്തിയത്. പരീക്ഷണം പൂർത്തിയാവാത്ത കോവാക്സിൻ സ്വീകരിക്കില്ലെന്നും കോവിഷീൽഡ് മാത്രം നൽകിയാൽ മതിയെന്നും വ്യക്തമാക്കി റെസിഡന്റ് ഡോക്ടേഴ്‌സ് അസോസിയേഷൻ മെഡിക്കൽ സൂപ്രണ്ടിനു കത്തുനൽകി.
കോവിഷീൽഡിനെക്കാൾ കോവാക്സിനാണ് മുൻഗണന നൽകുന്നതെന്ന് ഡോക്ടർമാർ ആരോപിച്ചു. ഇങ്ങനെയാണെങ്കിൽ വാക്സിനേഷനിൽ ഭൂരിപക്ഷംപേരും പങ്കെടുക്കില്ലെന്നും കത്തിൽ വ്യക്തമാക്കി. ശനിയാഴ്ചത്തെ പ്രതിരോധകുത്തിവെപ്പിന് ഒട്ടേറെ ഡോക്ടർമാർ പേരുനൽകിയില്ലെന്ന് അസോസിയേഷൻ വൈസ് പ്രസിഡന്റ് ഡോ. നിർമാല്യ മഹാപാത്ര അറിയിച്ചു.