കൊൽക്കത്ത: പാർട്ടിവിടാനുള്ള നീക്കത്തിൽനിന്ന് തൃണമൂൽ എം.പി. ശതാബ്ദി റോയ് നാടകീയമായി പിൻമാറി. തൃണമൂലിൽത്തന്നെ ഉറച്ചുനിൽക്കുമെന്ന് റോയ് ഫെയ്സ്ബുക്കിലൂടെ അറിയിച്ചു. വെള്ളിയാഴ്ച രാത്രി അഭിഷേക് ബാനർജി എം.പി.യുമായി അടിയന്തര ചർച്ച നടത്തിയ ശേഷമാണ് ശതാബ്ദി തന്റെ തീരുമാനം പ്രഖ്യാപിച്ചത്.
ശതാബ്ദി ശനിയാഴ്ച ന്യൂഡൽഹിയിലെത്തുമെന്നും അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി ബി.ജെ.പി. പ്രവേശനം പ്രഖ്യാപിക്കുമെന്നും വാർത്തകൾ വന്നതോടെയാണ് തൃണമുൽ നേതൃത്വം അടിയന്തരമായി ‘രക്ഷാപ്രവർത്തനം’ തുടങ്ങിയത്. സൗഗത റോയ്, ഡെറിക് ഒബ്രയൻ തുടങ്ങിയ എം.പി. മാർ അവരെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ എടുത്തില്ല. തുടർന്ന്, രാത്രി വൈകി തൃണമൂൽ വക്താവ് കുനാൽ ഘോഷ് ശതാബ്ദിയെ കാണുകയും അഭിഷേക് ബാനർജിയുമായി ചർച്ച നടത്താൻ കൂട്ടിക്കൊണ്ടുവരുകയും ചെയ്തു. ശതാബ്ദി ഉന്നയിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കാമെന്ന് അഭിഷേക് ഉറപ്പുകൊടുത്തതോടെ അവർ അയഞ്ഞു. ശനിയാഴ്ചത്തെ ന്യൂഡൽഹി യാത്ര മാറ്റി വെക്കാമെന്നും പാർട്ടിയിൽ തുടരുന്നതായി പ്രസ്താവന ഇറക്കാമെന്നും സമ്മതിച്ചു. ഇതിനിടെ മുകുൾ റോയ് ശതാബ്ദിയെ ബന്ധപെട്ട് ബി.ജെ.പിയിലേക്ക് വരാൻ പല തവണ നിർബന്ധിച്ചെന്ന് കുനാൽ ഘോഷ് പറഞ്ഞു. എന്നാൽ മുകുൾ റോയ് ഇക്കാര്യം നിഷേധിച്ചു.
ബീർഭൂം ജില്ലാ തൃണമൂൽ അധ്യക്ഷൻ അനുബ്രത മണ്ഡലുമായുള്ള തർക്കങ്ങൾ രൂക്ഷമായതോടെയാണ് ശതാബ്ദി കലാപം തുടങ്ങിയത്. തന്നെ പാർട്ടി പരിപാടികളിൽനിന്ന് മാറ്റി നിർത്തുന്നുവെന്നായിരുന്നു അവരുടെ ആക്ഷേപം. ബംഗാളിലെ പ്രമുഖ ചലച്ചിത്ര നടിയായിരുന്ന ശതാബ്ദിയെ മമതാ ബാനർജിയാണ് രാഷ്ട്രീയത്തിൽ കൊണ്ടുവന്നത്.