ബെംഗളൂരു: കർണാടകത്തിലെ ഹോസ്റ്റലുകളിൽ വിദ്യാർഥികൾ കഴിയുന്നതും ഓരോ മുറിയിൽ കഴിയണമെന്ന്‌ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് സെക്രട്ടറി ഇറക്കിയ ഉത്തരവിൽ പറയുന്നു. ഹോസ്റ്റലുകളിൽ സന്ദർശകരെ അനുവദിക്കരുത്‌.

കേരളത്തിൽനിന്ന്‌ കർണാടകയിലെ സ്കൂളുകളിലേക്കും കോളേജുകളിലേക്കും ദിവസേനവരുന്ന വിദ്യാർഥികൾ 14 ദിവസം കൂടുമ്പോൾ കോവിഡ് പരിശോധനയ്ക്ക് വിധേയരാകണം. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ കേരളത്തിൽനിന്ന്‌ കർണാടകത്തിലെ കോളേജുകളിലും ആശുപത്രികളിലും നഴ്‌സിങ് ഹോമുകളിലും ഹോസ്റ്റലുകളിലും ലോഡ്ജുകളിലും വന്ന്‌ താമസിക്കുന്നവർ നിർബന്ധമായും ആർ.ടി.പി.സി.ആർ. പരിശോധനയ്ക്ക് വിധേയരാകണം.

കമ്പനികളിലും ഹോസ്റ്റലുകളിലും ഹോംസ്റ്റേകളിലും മറ്റും താമസിക്കുന്ന ജീവനക്കാർ സ്വന്തം ചെലവിൽ ആർ.ടി.പി.സി.ആർ. പരിശോധന നടത്തണം.

ബെംഗളൂരുവിലെത്തുന്ന യാത്രക്കാർ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമായും കരുതണമെന്ന് ബെംഗളൂരു നഗരസഭാ കമ്മിഷണർ മഞ്ജുനാഥ് പ്രസാദ് നിർദേശിച്ചു. നെഗറ്റീവ് സർട്ടിഫിക്കറ്റില്ലാതെ വരുന്നവർ ബെംഗളൂരുവിൽ ആർ.ടി.പി.സി.ആർ. പരിശോധനയ്ക്ക് വിധേയരാകണം. പോസിറ്റീവായാൽ ക്വാറന്റീനിൽ കഴിയണം.