ന്യൂഡൽഹി: മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റർനാഷണലുമായി ബന്ധപ്പെട്ട രണ്ട്‌ സ്ഥാപനങ്ങളുടെ 17 കോടിയുടെ ബാങ്ക്‌ നിക്ഷേപം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ടാണിത്. ആംനസ്റ്റി ഇന്റർനാഷണൽ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് (എ.ഐ.ഐ.പി.എൽ.), ഇന്ത്യൻസ് ഫോർ ആംനസ്റ്റി ഇന്റർനാഷണൽ ട്രസ്റ്റ് (ഐ.എ.ഐ.ടി.) എന്നീ സ്ഥാപനങ്ങൾ നിയമലംഘനം നടത്തി സ്വരൂപിച്ച പണംകൊണ്ട് ഒട്ടേറെ സ്വത്തുക്കൾ വാങ്ങിക്കൂട്ടിയെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു. ഇവയാണ് കണ്ടുകെട്ടിയത്. വിദേശ സംഭാവന നിയന്ത്രണ നിയമമനുസരിച്ച് നേരത്തേ സി.ബി.ഐ. ചാർജ് ചെയ്ത കേസുകൾക്ക് തുടർച്ചയാണ് ഇ.ഡി.യുടെ നടപടിയുണ്ടായത്.

വിദേശത്തുനിന്ന് സംഭാവനകൾ സ്വീകരിക്കാൻ നേരത്തേ ഈ സ്ഥാപനങ്ങൾക്ക് സർക്കാർ ലൈസൻസ് നൽകിയിരുന്നു. ലൈസൻസ് റദ്ദാക്കിയശേഷവും മറ്റു പുതിയ മാർഗങ്ങളിലൂടെ പണം സ്വീകരിച്ചുവെന്നാണ് കേസ്.