ബെംഗളൂരു: കർണാടകത്തിൽ ആറുമുതൽ എട്ടുവരെ ക്ലാസുകൾകൂടി തുറന്നു പ്രവർത്തിക്കാൻ തീരുമാനം. 22 മുതൽ ക്ലാസുകൾ തുടങ്ങും. അതേസമയം, ബെംഗളൂരുവിലും കേരള അതിർത്തിമേഖലകളിലെ സ്കൂളുകളിലും എട്ടാം ക്ലാസ് തുടങ്ങുന്നതിനുമാത്രമാണ് അനുമതി. കേരളത്തിൽനിന്നുള്ള വിദ്യാർഥികൾ കോവിഡ് നെഗറ്റീവ്സർട്ടിഫിക്കറ്റ് നിർബന്ധമായും ഹാജരാക്കണം

ബെംഗളൂരുവിലും മംഗള്ൂരുവിലും കൂടുതൽ മലയാളി വിദ്യാർഥികൾ പഠിക്കുന്ന നഴ്‌സിങ് കോളേജുകളിൽ വിദ്യാർഥികൾക്ക് കോവിഡ് സ്ഥിരീകരിച്ച് പുതിയ കോവിഡ് ക്ലസ്റ്ററുകൾ രൂപപ്പെട്ടിരുന്നു. മുൻ കരുതലിന്റെ ഭാഗമായാണ് കേരളത്തിൽനിന്നുള്ള ഒട്ടേറെ വിദ്യാർഥികൾ പഠിക്കുന്ന സ്കൂളുകളുള്ള ബെംഗളൂരുവിലും അതിർത്തിജില്ലകളിലും എട്ടാം ക്ലാസിനുമാത്രം അനുമതി നൽകിയത്.

കോവിഡ് സാങ്കേതികോപദേശക സമിതി അംഗങ്ങൾ പങ്കെടുത്ത യോഗത്തിലാണ് ക്ലാസുകൾ തുടങ്ങാൻ തീരുമാനമെടുത്തതെന്ന് വിദ്യാഭ്യാസ മന്ത്രി എസ്. സുരേഷ് കുമാർ അറിയിച്ചു. ആറാം ക്ലാസ് മുതലുള്ള ക്ലാസുകൾ തുടങ്ങുന്നത് രക്ഷിതാക്കളുടെയും സ്കൂൾ പ്രവർത്തകരുടെയും അഭ്യർഥന കണക്കിലെടുത്താണിതെന്നും മന്ത്രി പറഞ്ഞു. രക്ഷിതാക്കളുടെ സമ്മതപത്രവുമായാണ് വിദ്യാർഥികൾ സ്കൂളിലെത്തേണ്ടത്.

സംസ്ഥാനത്ത് പത്ത്, പന്ത്രണ്ട് ക്ലാസുകൾ ജനുവരി ഒന്നിന് ആരംഭിച്ചിരുന്നു. ഒമ്പത്, പതിനൊന്ന് ക്ലാസുകൾ ഫെബ്രുവരി ഒന്നിനും തുടങ്ങി. ഒന്നുമുതൽ അഞ്ചുവരെയുള്ള കുട്ടികൾക്ക് വിദ്യാഗമ പദ്ധതിപ്രകാരമുള്ള ക്ലാസുകൾ പുനരാരംഭിക്കാനാണ് സർക്കാർ ആലോചിക്കുന്നത്. ക്ലാസ്‌മുറിക്കുപുറത്ത് സ്കൂൾ വളപ്പിൽ നടത്തുന്ന ക്ലാസുകളാണിത്. കോവിഡ് വ്യാപനത്തെത്തുടർന്ന് സ്കൂളുകൾ അടഞ്ഞുകിടന്നപ്പോൾ വിദ്യാർഥികൾക്ക് അധ്യയനം മുടങ്ങാതെ നോക്കാൻ സർക്കാർ ആരംഭിച്ച വിദ്യാഗമ ക്ലാസുകൾ പിന്നീട് നിർത്തലാക്കിയതാണ്. അടുത്ത അധ്യയനവർഷം ജൂലായ് 15-ന് ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.