ലഖ്നൗ: കേന്ദ്രസർക്കാരിന്റെ കാർഷികനിയമങ്ങൾ കൂടുതൽ പ്രയോജനം ചെയ്യുക ചെറുകിട, ഇടത്തരം കർഷകർക്കായിരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഉത്തർപ്രദേശിലെ മഹാരാജ സുഹൽദേവ് സ്മാരകത്തിന് വീഡിയോ കോൺഫൻസ് വഴി തറക്കല്ലിട്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

അർഹരായ യോദ്ധാക്കളെയും നേതാക്കളെയും ബഹുമാനിക്കാത്ത മുൻ ഭരണകൂടങ്ങളുടെ തെറ്റുകൾ തിരുത്താൻ സർക്കാർ ശ്രമിക്കുകയാണ്. മുമ്പ്‌ വിദേശകമ്പനികളെ ഇന്ത്യയിലേക്കു ക്ഷണിച്ചവരാണ് ഇപ്പോൾ ഇന്ത്യൻ കമ്പനികളുടെ പേരുപറഞ്ഞ് ജനങ്ങളിൽ ഭയമുണ്ടാക്കുന്നതെന്ന്‌ അദ്ദേഹം പറഞ്ഞു. നേതാജി സുഭാഷ് ചന്ദ്രബോസ്, സർദാർ വല്ലഭ്ഭായ് പട്ടേൽ, ബി.ആർ. അംബേദ്കർ തുടങ്ങിയ നേതാക്കളെ മുൻ സർക്കാരുകൾ ബഹുമാനിച്ചില്ലെന്നും അരമണിക്കൂർ നീണ്ട പ്രസംഗത്തിൽ മോദി ആരോപിച്ചു.

അടിമമനഃസ്ഥിതിയുള്ളവർ എഴുതിവെച്ചതുമാത്രമല്ല ഭാരതത്തിന്റെ ചരിത്രം. നാട്ടുകഥകളിലൂടെ സാധാരണക്കാർ മനസ്സിലാക്കിയതുകൂടിയാണെന്ന് അദ്ദേഹം പറഞ്ഞു. ബഹ്‌റൈച്ചിലെ ചിത്തൗര തടാകത്തിന്റെ വികസനപദ്ധതികളുടെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു.