മുംബൈ: കോവിഡ് രോഗികളെ പ്രവേശിപ്പിച്ചിരിക്കുന്ന ആശുപത്രികളിൽ ഓക്സിജൻ സിലിൻഡറുകൾക്ക് ക്ഷാമം നേരിടുന്ന മഹാരാഷ്ട്രയിലേക്ക് സഹായവുമായി മുകേഷ് അംബാനി. ഗുജറാത്തിലെ ജാംനഗറിലുള്ള റിലയൻസ് ഓയിൽ റിഫൈനറിയിൽനിന്ന് കമ്പിനി 100 ടൺ ഓക്സിജൻ മഹാരാഷ്ട്രയിൽ എത്തിക്കും. വ്യവസായ ആവശ്യത്തിനുള്ള ഓക്സിജൻ വൈദ്യ ആവശ്യത്തിനുള്ള ഓക്സിജനായി രൂപാന്തരപ്പെടുത്തിയാണ് സംസ്ഥാനത്ത് സൗജന്യമായി എത്തിക്കുന്നത്.

ഓക്സിജൻ ഉടൻ എത്തുമെന്ന് മന്ത്രി ഏക്‌നാഥ് ഷിന്ദേയും അറിയിച്ചു. സംസ്ഥാനത്തെ ഓക്സിജൻ ക്ഷാമം പരിഹരിക്കാൻ ഇടപെടണമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറേ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനത്ത് ചില ആശുപത്രികളിൽ ഓക്സിജൻ ലഭിക്കാത്തതുമൂലം രോഗികൾ മരിച്ചതായ റിപ്പോർട്ടുകളും വന്നിരുന്നു

ഏപ്രിൽ അവസാനത്തോടെ സംസ്ഥാനത്തിന് പ്രതിദിനം 2000 ടൺ ഓക്സിജൻ ആവശ്യമായി വരുമെന്നാണ് കരുതുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിലവിൽ പ്രതിദിനം 1200 ടൺ ഓക്സിജനാണ് ഉപയോഗിക്കുന്നത്.