മുംബൈ: കോവിഡ് വാക്സിന്റെ രണ്ടുഡോസും സ്വീകരിക്കാത്തവരെ ഇന്ത്യയിൽനിന്ന് ഹജ്ജ് തീർഥാടനത്തിന് അനുവദിക്കില്ലെന്ന് ഹജ്ജ് കമ്മിറ്റി ഓഫ് ഇന്ത്യ അറിയിച്ചു. സൗദി ആരോഗ്യമന്ത്രാലയത്തിന്റെയും ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റിന്റെയും നിർദേശപ്രകാരമാണ് ഈ തീരുമാനമെന്ന് ഹജ്ജ്‌ കമ്മിറ്റി ഓഫ് ഇന്ത്യ സി.ഇ.ഒ. മഖ്‌സൂദ് അഹ്മദ് ഖാൻ അറിയിച്ചു. ഈവർഷത്തെ ഹജ്ജ് തീർഥാടനത്തിന് അപേക്ഷിക്കുന്നവർ പോകുന്നതിനുമുമ്പ് രണ്ടുഡോസ് വാക്സിനും സ്വീകരിച്ചിരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. ഹജ്ജ് സംബന്ധിച്ച് അന്തിമവിവരങ്ങൾ ലഭ്യമായിട്ടില്ലെന്നും ജൂൺ പകുതിയോടെ സൗദിയിലേക്ക് ഹജ്ജ് വിമാനങ്ങൾ സർവീസ് ആരംഭിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.