മുംബൈ: കോവിഡ് പ്രതിരോധത്തിനുള്ള കോവാക്‌സിൻ നിർമിക്കാൻ മഹാരാഷ്ട്ര സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഹഫ്കിൻ ബയോഫാർമ കോർപ്പറേഷന് കേന്ദ്രസർക്കാർ അനുമതി നൽകി. കേന്ദ്രനടപടിയെ സ്വാഗതംചെയ്ത മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ നന്ദി അറിയിച്ചു.

കോവിഡ് വ്യാപനവും വാക്സിൻക്ഷാമവുംകൊണ്ട് വലയുന്ന മഹാരാഷ്ട്ര ഒരുമാസംമുമ്പാണ് പരേലിലുള്ള ഔഷധനിർമാണ, ഗവേഷണസ്ഥാപനമായ ഹഫ്കിനിൽ വാക്സിൻ നിർമിക്കുന്നതിന് അനുമതി തേടിയത്. ഹൈദരാബാദ് ആസ്ഥാനമായുള്ള ഭാരത് ബയോടെക് വികസിപ്പിച്ച കോവാക്‌സിൻ, സാങ്കേതികവിദ്യാ കൈമാറ്റപ്രകാരം നിർമിക്കുന്നതിനുള്ള അനുമതിയാണ് കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് ഹഫ്കിന് നൽകിയിട്ടുള്ളത്. ഒരുവർഷത്തേക്കാണ് അനുമതിയെന്നും എത്രയും പെട്ടെന്ന് ഇവിടെ കോവാക്സിൻ നിർമാണം തുടങ്ങുമെന്നും സംസ്ഥാന ചീഫ് സെക്രട്ടറി സീതാറാം കുണ്ടേ അറിയിച്ചു.

പ്രതിവർഷം 2.2 കോടി ഡോസ് വാക്സിൻ നിർമിക്കാനുള്ളശേഷി ഹഫ്കിന് ഉണ്ടെന്ന് മഹാരാഷ്ട്ര ആരോഗ്യസെക്രട്ടറി പ്രദീപ് വ്യാസ് പറഞ്ഞു. ഇവിടെ നിർമിക്കുന്ന വാക്സിന്റെ 25 ശതമാനം മഹാരാഷ്ട്രയിൽത്തന്നെ ഉപയോഗിക്കാനാണ് ഉദ്ദേശിക്കുന്നത്. ബാക്കി കേന്ദ്രസർക്കാരിന് നൽകും.

ഹഫ്കിനിൽ വാക്സിൻനിർമാണം സമയബന്ധിതമായും കാര്യക്ഷമമായും നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ഉന്നതോദ്യോഗസ്ഥനെ നിരീക്ഷകനായി വെക്കാൻ ചീഫ് സെക്രട്ടറിക്ക് മുഖ്യമന്ത്രി നിർദേശം നൽകിയിട്ടുണ്ട്.

ഇന്ത്യയിൽ പ്രവർത്തനത്തിന് നിയോഗിക്കപ്പെട്ട യുക്രേനിയൻ ശാസ്ത്രജ്ഞൻ ഡോ. വാൾഡമർ ഹഫ്കിൻ 1899-ലാണ് പ്ലേഗ് ഗവേഷണത്തിനായി ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചത്. മുംബൈ സർവകലാശാലയുടെ കീഴിലുള്ള പഠന, ഗവേഷണസ്ഥാപനമാണ് ഇപ്പോഴിത്. ഇവിടത്തെ മരുന്നുനിർമാണശാലയുടെ നവീകരണത്തിനായി സംസ്ഥാനസർക്കാർ 150 കോടി രൂപ അനുവദിച്ചിട്ടുണ്ട്.

രാജ്യത്ത് മൂന്നാംഘട്ട വാക്സിനേഷൻ നടന്നുകൊണ്ടിരിക്കുന്ന വേളയിൽ മഹാരാഷ്ട്ര ഉൾപ്പെടെ പല സംസ്ഥാനങ്ങളും വാക്സിൻക്ഷാമത്തെക്കുറിച്ച് പരാതി പറഞ്ഞിട്ടുണ്ട്. ദിവസം 6-7 ലക്ഷം പേർക്ക് പ്രതിരോധ കുത്തിവെപ്പു നൽകുകയെന്ന ലക്ഷ്യം സാധിക്കണമെങ്കിൽ ആഴ്ചയിൽ 40 ലക്ഷം ഡോസ് വാക്സിൻ ലഭിക്കണമെന്നാണ് മഹാരാഷ്ട്ര സർക്കാർ പറയുന്നത്. നിലവിൽ രണ്ടുലക്ഷംമുതൽ മൂന്നരലക്ഷംവരെയാളുകൾക്കാണ് വാക്സിൻ നൽകുന്നത്.