ന്യൂഡൽഹി: ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കമ്മിഷനിൽ കശ്മീർ വിഷയം ഉന്നയിച്ചതിൽ പാകിസ്താനും ഇസ്ലാമിക് കോ-ഓപ്പറേഷൻ ഓർഗനൈസേഷനുമെതിരേ (ഒ.ഐ.സി.) ഇന്ത്യ. ഭീകരതയുടെ വിളനിലമായ, ഒട്ടേറെ മനുഷ്യാവകാശ ലംഘനങ്ങൾ നടക്കുന്ന പാകിസ്താനെ പോലുള്ള രാജ്യത്തുനിന്ന് കശ്മീർ വിഷയത്തിൽ പാഠങ്ങൾ ഉൾക്കൊള്ളേണ്ട സാഹചര്യം ഇന്ത്യക്കില്ലെന്ന് ജനീവയിലെ ഇന്ത്യയുടെ സ്ഥിരം സെക്രട്ടറി പവൻ ബാധെ പ്രതികരിച്ചു.

പാകിസ്താനിലെ മനുഷ്യാവകാശലംഘനവും ഭീകരതയും മറയ്ക്കാൻ ഇന്ത്യക്കെതിരേ വ്യാജപ്രചാരണം നടത്താനാണ് യു.എൻ. മനുഷ്യാവകാശ കൗൺസിലിലൂടെ പാകിസ്താൻ ശ്രമിച്ചത്. സിഖുകാർ, ഹിന്ദുക്കൾ, ക്രിസ്ത്യാനികൾ, അഹമ്മദിയർ എന്നിവരുൾപ്പെടുന്ന ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ പാകിസ്താൻ പരാജയപ്പെട്ടു.

ഇന്ത്യയുടെ അവിഭാജ്യഘടകമായ കശ്മീരിനെക്കുറിച്ചുള്ള ഒ.ഐ.സി.യുടെ പരാമർശം അവജ്ഞയോടെ തള്ളിക്കളയുന്നതായും അദ്ദേഹം പറഞ്ഞു. കശ്മീർ പ്രാദേശികവിഷയമാണ്. അതിൽ പുറത്തുനിന്നുള്ളവരുടെ ഇടപെടൽ ആവശ്യമില്ലെന്നും പവൻ ബാധെ വ്യക്തമാക്കി.