ന്യൂ‍ഡൽഹി: ഓൺലൈൻ ഭക്ഷണവിതരണ കമ്പനികളായ സ്വിഗ്ഗി, സൊമാറ്റോ, പൊട്ടാഫോ തുടങ്ങിയവ വൈകാതെ ചരക്ക്-സേവന നികുതി(ജി.എസ്.ടി.)യുടെ പരിധിയിൽവന്നേക്കും. വെള്ളിയാഴ്ച ലഖ്നൗവിൽ ചേരുന്ന ജി.എസ്.ടി. കൗൺസിൽ യോഗം ഇക്കാര്യം പരിഗണിക്കുന്നുണ്ട്.

ഇവയ്ക്കുപുറമേ നേരിട്ട് എത്തിച്ചുകൊടുക്കാനായി ഭക്ഷണം തയ്യാറാക്കിനൽകുന്ന ക്ലൗഡ് കിച്ചൺ, സെൻട്രൽ കിച്ചൺ എന്നിവയ്ക്കും ജി.എസ്.ടി. ചുമത്തിയേക്കും. അഞ്ചു ശതമാനം ജി.എസ്.ടി.യാണ് നൽകേണ്ടി വരിക. 2019-20, 2020-21 വർഷങ്ങളിൽ ഈ മേഖലയിൽനിന്ന് 2000 കോടിയോളം രൂപയുടെ ജി.എസ്.ടി. വരുമാനനഷ്ടമുണ്ടായ സാഹചര്യത്തിലാണ് ഇക്കാര്യം പരിഗണിക്കുന്നത്. ആപ്പ്‌ അധിഷ്ഠിത ഭക്ഷണവിതരണക്കാരെ ഇ കൊമേഴ്സ് കന്പനികളെപ്പോലെ കണക്കാക്കാനാണ് വിവിധ സംസ്ഥാനങ്ങളിലെ പ്രതിനിധികളുൾപ്പെടുന്ന ഫിറ്റ്മെന്റ് കമ്മിറ്റി ജി.എസ്.ടി. കൗൺസിലിന് നൽകിയ ശുപാർശ. റെേസ്റ്റാറന്റുകൾക്കു പകരമാകും ഇവർ ജി.എസ്.ടി. നൽകേണ്ടിവരിക. ഫലത്തിൽ ഉപയോക്താക്കൾക്ക് ബാധ്യത അനുഭവിക്കേണ്ടി വരില്ലെന്നാണ് സൂചന. റെേസ്റ്റാറന്റുകളിൽ വലിയൊരു വിഭാഗം ജി.എസ്.ടി. നൽകുന്നില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. വൻതോതിൽ കച്ചവടം നടക്കുന്ന ചെറുകിട റെേസ്റ്റാറന്റുകളിൽ വലിയൊരു പങ്കിന് ജി.എസ്.ടി. രജിസ്ട്രേഷൻ പോലുമില്ല.

കൗൺസിൽ യോഗം അംഗീകരിച്ചാൽ കമ്പനികളുടെ ആപ്പ് പരിഷ്കരിക്കാനും സോഫ്റ്റ്‍വേറിൽ മാറ്റം വരുത്തുന്നതിനുമായി സമയം അനുവദിക്കും. അതിനുശേഷമാകും നികുതി ചുമത്തുക.

മെസ്, കാന്റീൻ, കഫെ, ടേക്ക് എവേ സർവീസ് തുടങ്ങിയ വിളിപ്പേരിൽ വിതരണത്തിനായി ഭക്ഷണം തയ്യാറാക്കിനൽകുന്ന സ്ഥാപനങ്ങളെയും റെേസ്റ്റാറന്റ്് പരിധിയിൽ ഉൾപ്പെടുത്തി വിതരണക്കാരിൽനിന്ന് ജി.എസ്.ടി. ഈടാക്കാനാണ് ശുപാർശ.