ചെന്നൈ: ഇന്ത്യൻ മാരിടൈം സർവകലാശാലയിൽ വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷിച്ചവരുടെ റാങ്ക് പട്ടിക അടുത്തയാഴ്ച പ്രസിദ്ധീകരിക്കും. കൗൺസലിങ് നടത്തി ഈമാസം അവസാനത്തോടെ പ്രവേശനനടപടി പൂർത്തിയാക്കും. അതത് സംസ്ഥാനങ്ങളിലെ കോവിഡ് സാഹചര്യത്തിനനുസരിച്ച് നേരിട്ടോ ഓൺലൈനായോ ഒക്ടോബറിൽ ക്ലാസ് തുടങ്ങുമെന്നും വൈസ് ചാൻസലർ ഡോ. മാലിനി വി. ശങ്കർ അറിയിച്ചു.

ചെന്നൈ, കൊച്ചി, കൊൽക്കത്ത, മുംബൈ, നവി മുംബൈ, വിശാഖപട്ടണം എന്നിവിടങ്ങളിലായി ആറുകാമ്പസുകളാണ് സർവകലാശാലയ്ക്കുള്ളത്. ഇതിനുപുറമേ 18 അഫിലിയേറ്റഡ് സ്ഥാപനങ്ങളുമുണ്ട്. ബിരുദ, ബിരുദാനന്തര, പിഎച്ച്.ഡി. കോഴ്‌സുകളിലേക്കാണ് പ്രവേശനം.

പുതിയ അധ്യയനവർഷത്തേക്കുള്ള അപേക്ഷകൾ ഓഗസ്റ്റിലാണ് ക്ഷണിച്ചത്. പൊതുപ്രവേശന പരീക്ഷയിലൂടെയാണ് (സി.ഇ.ടി.) സാധാരണ അഡ്മിഷൻ നൽകിയിരുന്നതെങ്കിലും കോവിഡ് വ്യാപനം പരിഗണിച്ച് ഈവർഷം പ്ലസ്ടു മാർക്കാണ് പരിഗണിക്കുന്നത്. ആകെയുള്ള 13,000-ത്തോളം അപേക്ഷകരിൽ 40 ശതമാനം പേരും കേരളം, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നാണെന്നും വി.സി. പറഞ്ഞു.