ന്യൂഡൽഹി: അന്താരാഷ്ട്ര അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങളിൽ അതിർത്തി സംരക്ഷണ സേനയുടെ (ബി.എസ്.എഫ്.) അധികാര പരിധി വ്യാപിപ്പിക്കുന്നതിനെതിരേ പഞ്ചാബും ബംഗാളും. സംസ്ഥാനത്തിന്റെ അധികാരം കവരാനുള്ള നീക്കമാണെന്ന് കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ് പാർട്ടികൾ ആരോപിച്ചു. എന്നാൽ, തീരുമാനത്തെ ബി.ജെ.പി. ന്യായീകരിച്ചു.

പാകിസ്താൻ, ബംഗ്ലാദേശ് അന്താരാഷ്ട്ര അതിർത്തികൾ കടന്നുപോകുന്ന പഞ്ചാബ്, ബംഗാൾ, അസം സംസ്ഥാനങ്ങളിലാണ് ബി.എസ്.എഫിന്റെ പ്രവർത്തനമേഖല വർധിപ്പിക്കുന്നത്. അതിർത്തിയിൽ സംസ്ഥാനങ്ങൾക്കുള്ളിൽ 50 കിലോമീറ്റർ ചുറ്റളവിൽ അറസ്റ്റോ തിരച്ചിലോ നടത്താൻ ബി.എസ്.എഫിന് അധികാരം ലഭിക്കും. ഒക്ടോബർ 11-നാണ് ഇത് സംബന്ധിച്ച നിയമം ഭേദഗതി ചെയ്ത് ആഭ്യന്തരമന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചത്. നിലവിലെ 15 കിലോമീറ്റർ പരിധിയാണ് 50 കിലോ മീറ്ററായി ഉയർത്തിയത്.

സംസ്ഥാനത്തിന്റെ അവകാശത്തിന് മേലുള്ള കടന്നുകയറ്റവും ഭരണഘടനാ വ്യവസ്ഥകളുടെ ലംഘനനവുമാണിതെന്ന് കോൺഗസ് വക്താവ് രൺദീപ് സുർജേവാല ആരോപിച്ചു. പശ്ചിമ ബംഗാൾ സർക്കാരുമായി ചർച്ച നടത്താതെയാണ് തീരുമാനമെടുത്തതെന്ന് തൃണമൂൽ കുറ്റപ്പെടുത്തി. ഏകാധിപത്യ നീക്കമാണ് സർക്കാരിന്റേതെന്ന് ആം ആദ്മി പാർട്ടി പ്രതികരിച്ചു. പഞ്ചാബിന്റെ പാതിയിലേറെ ഭൂമിയും മുഖ്യമന്ത്രി ചരൺജിത് സിങ് ചന്നി മോദി സർക്കാരിന് അടിയറ വെച്ചിരിക്കുകയാണെന്നും പാർട്ടി കുറ്റപ്പെടുത്തി. തീരുമാനത്തിൽ പ്രതിഷേധിച്ച് ചണ്ഡീഗഢിൽ ഗവർണറുടെ വീടിനു മുന്നിൽ പ്രതിഷേധിച്ചതിന് ശിരോമണി അകാലിദൾ നേതാവ് സുഖ്ബീർ സിങ് ബാദലിനെയും പ്രവർത്തകരെയും പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.

തിടുക്കപ്പെട്ട് തീരുമാനമെടുക്കാൻ കാരണമെന്താണെന്ന് വ്യക്തമാക്കണമെന്ന് തൃണമൂൽവക്താവ് കുനാൽ ഘോഷ് പറഞ്ഞു. ബി.എസ്.എഫിന് തിരച്ചിൽ നടത്തണമെങ്കിൽ സംസ്ഥാന പോലീസിനൊപ്പം നടത്താം. അതാണ് ഇത്രയും കാലമായി നടന്നുവരുന്നതെന്നും കുനാൽ പറഞ്ഞു.

തീരുമാനം അതിർത്തിയിലെ സംസ്ഥാനങ്ങൾക്ക് ഗുണകരമാണെന്ന് ബി.ജെ.പി. അവകാശപ്പെട്ടു. രാജ്യസുരക്ഷ മുൻനിർത്തിയുള്ള തീരുമാനമാണ്. പഞ്ചാബിൽ നിന്നുള്ള കോൺഗ്രസ് നേതാക്കൾ എതിർക്കുന്നത് അതിശയകരമാണെന്ന് മുൻ കേന്ദ്രമന്ത്രി പ്രകാശ് ജാവഡേകർ പറഞ്ഞു.