മൈസൂരു: കോവിഡിനുമുമ്പിലും മൈസൂരു ദസറ തലയുയർത്തിനിൽക്കുമെന്നതിന്റെ സൂചകമായിരുന്നു ലോകപ്രശസ്തമായ മൈസൂരു കൊട്ടാരത്തിൽ വിജയദശമിദിനത്തിൽ അരങ്ങേറിയ വർണശബളമായ ഘോഷയാത്ര. പാരമ്പര്യത്തനിമയോടുകൂടി സുവർണ അമ്പാരിയിൽ ചാമുണ്ഡേശ്വരിദേവിയുടെ വിഗ്രഹമേന്തിയ കൊമ്പനാന, കുതിരപ്പോലീസ്, പോലീസ് ബാൻഡ്, നിശ്ചലദൃശ്യങ്ങൾ എന്നിവ അണിനിരന്ന് ‘ജംബൂ സവാരി’ ഘോഷയാത്ര നടന്നതോടെ 402-ാമത് ദസറയ്ക്ക് തിരശ്ശീല വീണു.

മഹാമാരിയെത്തുടർന്ന് ദസറയാഘോഷം പരിമിതപ്പെടുത്തിയെങ്കിലും ഉദ്ഘാടനത്തിനും സമാപനത്തിനും മാറ്റുകുറയരുതെന്ന് സംസ്ഥാനസർക്കാരിനു നിർബന്ധമുണ്ടായിരുന്നു. അതിനാൽ, പരമ്പരാഗതരീതിയിൽത്തന്നെയാണ് സമാപനച്ചടങ്ങായ ഘോഷയാത്ര ഒരുക്കിയത്. നെറ്റിപ്പട്ടങ്ങൾ അണിഞ്ഞ് വിവിധ നിറക്കൂട്ടുകൾ ദേഹത്തുപൂശിയ മൂന്ന് ആനകളാണ് ഇക്കുറി ഘോഷയാത്രയിൽ അണിനിരന്നത്. എട്ട് ആനകളെ ദസറയ്ക്കായി എത്തിച്ചെങ്കിലും അഭിമന്യു ഉൾപ്പെടെ മൂന്നെണ്ണത്തിനുമാത്രമേ ജംബൂസവാരിയിൽ പങ്കാളികളാവാൻ ഭാഗ്യം ലഭിച്ചുള്ളൂ. ഇവയ്ക്ക് അകമ്പടിയായി ‘സാരേ ജഹാംസെ അച്ഛാ’ എന്ന ദേശഭക്തിഗാനം ആലപിച്ച് പോലീസ് ബാൻഡ്, കുതിരപ്പോലീസ്, ആറ് നിശ്ചലദൃശ്യങ്ങൾ എന്നിവയും അണിനിരന്നു.

വൈകീട്ട് അഞ്ചിന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ അമ്പാരി ആനപ്പുറത്തെ ചാമുണ്ഡേശ്വരിദേവിയുടെ വിഗ്രഹത്തിൽ പുഷ്പവൃഷ്ടി നടത്തിയതോടെയാണ് ജംബൂസവാരിക്ക് തുടക്കമായത്. പുഷ്പവൃഷ്ടിവേളയിൽ പോലീസിന്റെ 21 ഗൺ സല്യൂട്ടും മുഴങ്ങി. കൊട്ടാരവളപ്പിൽ അരക്കിലോമീറ്ററോളംമാത്രം ദൈർഘ്യത്തിൽനടന്ന ഘോഷയാത്ര നേരിട്ടുവീക്ഷിക്കാൻ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങി 400-ഓളം പേർക്ക് മാത്രമായിരുന്നു പ്രവേശനം. മൈസൂരു രാജാവ് യെദുവീർ കൃഷ്ണദത്ത ചാമരാജ വോഡയാർ, ജില്ലാചുമതലയുള്ള മന്ത്രി എസ്.ടി. സോമശേഖർ, ഡെപ്യൂട്ടി കമ്മിഷണർ ബാഗഡി ഗൗതം, മേയർ സുനന്ദ പലനേത്ര തുടങ്ങിയവർ മുഖ്യമന്ത്രിക്കൊപ്പം സന്നിഹിതരായിരുന്നു.

കോവിഡ് കാരണം പൊതുജനങ്ങൾക്ക് പങ്കാളിത്തമില്ലാത്ത രണ്ടാമത്തെ ദസറയായിരുന്നു ഇത്തവണത്തേത്. ഘോഷയാത്രാവേളയിൽ ജനം എത്താതിരിക്കാൻ കൊട്ടാരത്തിനുചുറ്റുമുള്ള നാലുറോഡുകളിലും രാവിലെ ഏഴുമുതൽ വൈകീട്ട് ആറുവരെ ഗതാഗതം നിരോധിച്ചിരുന്നു. വാഹനപാർക്കിങ്ങിനും വിലക്കേർപ്പെടുത്തി. സിറ്റി പോലീസ് കമ്മിഷണറുടെ നേതൃത്വത്തിൽ കനത്തസുരക്ഷാക്രമീകരണങ്ങളാണ് നഗരത്തിലൊരുക്കിയത്.