ചെന്നൈ: രാഷ്ട്രീയത്തിൽ വീണ്ടും സജീവമാകാനുള്ള ശ്രമങ്ങളുടെ ഭാഗമായി ശശികല ശനിയാഴ്ച ജയലളിതയുടെ സമാധി സന്ദർശിക്കും. നാലുവർഷംമുമ്പ് അനധികൃത സ്വത്തുസമ്പാദന കേസിൽ ശിക്ഷിക്കപ്പെട്ട ശശികല ബെംഗളൂരുവിലുള്ള ജയിലിലേക്ക് പോകുന്നതിനുമുമ്പ് ജയലളിതയുടെ സമാധി സന്ദർശിച്ച് ശക്തമായി തിരിച്ചുവരുമെന്ന് പ്രതിജ്ഞ ചെയ്തിരുന്നു. ഇപ്പോൾ ഇവിടെനിന്നുതന്നെ അതിനുള്ള പുതിയ നീക്കങ്ങൾ ആരംഭിക്കാൻ ഒരുങ്ങുകയാണ്.

മറീന കടൽക്കരയിലുള്ള സമാധി സന്ദർശിച്ചതിനുശേഷം ശശികല സംസ്ഥാന പര്യടനമാണ് ലക്ഷ്യമിടുന്നത്. എന്നാൽ, കോവിഡ് നിയന്ത്രണങ്ങൾ തുടരുന്നതിനാൽ വൈകാൻ സാധ്യതയുണ്ട്. പക്ഷേ, ഇതുസംബന്ധിച്ച് ശനിയാഴ്ച പ്രഖ്യാപനം നടത്തുമെന്നാണ് കരുതുന്നത്. സമാധിയിൽ സന്ദർശനം നടത്തുന്നതിന് പോലീസ് സുരക്ഷ ആവശ്യപ്പെട്ട് ശശികല ചെന്നൈ സിറ്റി പോലീസിന് അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. എ.ഐ.എ.ഡി.എം.കെ. ഔദ്യോഗികപക്ഷത്തിനൊപ്പമുള്ള പ്രവർത്തകർ സന്ദർശനസമയത്ത് പ്രശ്‌നമുണ്ടാക്കുമെന്ന് ആശങ്കയുണ്ട്.

എ.ഐ.എ.ഡി.എം.കെ.യുടെ സുവർണജൂബിലി ആഘോഷത്തിന് എടപ്പാടി പളനിസ്വാമിയുടെയും പനീർശെൽവത്തിന്റെയും നേതൃത്വത്തിൽ നടപടി ആരംഭിച്ചിരിക്കുമ്പോഴാണ് ശശികല തിരിച്ചുവരവിനുള്ള നീക്കങ്ങൾ ഊർജിതപ്പെടുത്തിയത്. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ എ.ഐ.എ.ഡി.എം.കെ. നേരിട്ട വൻതിരിച്ചടിയും പാർട്ടിയിലേക്കുള്ള തന്റെ തിരിച്ചുവരവിന് സഹായമാകുമെന്നാണ് ശശികലയുടെ കണക്കുകൂട്ടൽ. എ.ഐ.എ.ഡി.എം.കെ. സഖ്യകക്ഷിയായ ബി.ജെ.പി.യുടെ പിന്തുണയും ശശികലയ്ക്കുണ്ട്. പനീർശെൽവത്തിനും വലിയ എതിർപ്പില്ല. നിലവിൽ എടപ്പാടി പളനിസ്വാമിയാണ് ശശികലയുടെ പുനഃപ്രവേശനത്തിന് പ്രധാനമായും തടസ്സം നിൽക്കുന്നത്.