അഹമ്മദാബാദ്: ഗുജറാത്ത് കോവിഡ് മരണങ്ങൾ കുറച്ചുകാണിക്കുന്നത് സംബന്ധിച്ച വിവാദം ചൂടുപിടിച്ചതോടെ ന്യായീകരണവുമായി സർക്കാർ. കഴിഞ്ഞവർഷം അടച്ചിടൽകാലത്ത് മരണരജിസ്‌ട്രേഷൻ നടപടികൾ നീട്ടിവെച്ചതിനാലാണ് താരതമ്യം ചെയ്യുമ്പോൾ എണ്ണം കുറഞ്ഞതെന്ന് ആഭ്യന്തരവകുപ്പ് പറഞ്ഞു. എന്നാൽ, ഇതിന്റെ കണക്കുകൾ പുറത്തുവിട്ടില്ല.

മാർച്ച് ഒന്നുമുതൽ മേയ് പത്തുവരെയുള്ള 2020, 2021 വർഷങ്ങളിലെ മരണരജിസ്‌ട്രേഷൻ കണക്കുകൾ താരതമ്യംചെയ്ത് പ്രാദേശിക മാധ്യമങ്ങളിൽവന്ന വാർത്തകളാണ് ദേശീയതലത്തിൽ വിവാദമായത്. 61,000 മരണങ്ങളാണ് ഈ വർഷം അധികമായി മുനിസിപ്പാലിറ്റികളിലും കോർപ്പറേഷനുകളിലും ഉണ്ടായതെന്നാണ് റിപ്പോർട്ട്. ഇതിൽ 4218 മാത്രമാണ് കോവിഡ് മരണങ്ങൾ. സർക്കാർ കോവിഡ് മരണങ്ങളുടെ കണക്ക് കുറച്ചുകാണിക്കുന്നതിലാണ് ഈ വ്യത്യാസമെന്നാണ് വിമർശം.

ഈ വർഷം ഈ കാലയളവിൽ 1,23,871 മരണങ്ങളും കഴിഞ്ഞയാണ്ടിൽ 58,000 മരണങ്ങളുമാണുള്ളത്. ശ്മശാനങ്ങളിലെ കണക്കുകളുടെ അടിസ്ഥാനത്തിലും സർക്കാരിന്റെ കണക്കുകൾ മുമ്പ് വിമർശിക്കപ്പെട്ടിരുന്നു. ഗ്രാമങ്ങളിൽ സന്ദർശനം നടത്തുന്ന പ്രതിപക്ഷ നേതാവ് പരേശ് ധാനാണിയും നാട്ടുകാർ പറയുന്ന മരണക്കണക്കുകളും സർക്കാരിന്റേതും പൊരുത്തപ്പെടുന്നില്ലെന്ന് ചൂണ്ടിക്കാട്ടുന്നു.

ഐ.സി.എം.ആർ. മാനദണ്ഡങ്ങളനുസരിച്ച് കോവിഡ് മുഖ്യകാരണമായി മരിക്കുന്നവരുടെ കണക്കേ അതിൽ പെടുകയുള്ളൂവെന്ന് ആഭ്യന്തരസഹമന്ത്രി പ്രദീപ് കുമാർ ജഡേജ പറഞ്ഞു. വകുപ്പിലെ അഡീഷണൽ ചീഫ് സെക്രട്ടറി പങ്കജ് കുമാർ മറ്റുചില കാരണങ്ങളും നിരത്തി. കഴിഞ്ഞവർഷം മാർച്ച്-മേയ് കാലത്തെ മരണങ്ങൾ അടച്ചിടൽമൂലം പിന്നീട് രജിസ്റ്റർ ചെയ്തതാകാം അന്നത്തെ എണ്ണം കുറയാൻ കാരണമെന്ന് അദ്ദേഹം വാദിക്കുന്നു. എന്നാൽ, ഇതിന് ആസ്പദമായ കണക്കുകൾ മാധ്യമപ്രവർത്തകർ ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ല.

ഗുജറാത്തിൽ മാർച്ച്‌ ഒന്നുമുതൽ മേയ് 10 വരെയുള്ള ദിവസങ്ങളിലുണ്ടായ മരണത്തിലെ അഭൂതപൂർവമായ വർധനയെക്കുറിച്ച് സർക്കാർ വിശദീകരിക്കണമെന്ന് മുതിർന്ന കോൺഗ്രസ് നേതാക്കളായ പി. ചിദംബരവും ശക്തിസിങ് ഗോയലും ആവശ്യപ്പെട്ടു. ഈ ദിവസങ്ങളിലെ മരണനിരക്കുകൾ സ്വതന്ത്രമായി പരിശോധിച്ചതായും 33 ജില്ലകളിൽനിന്ന് കണക്കുകൾ ശേഖരിച്ചപ്പോൾ മേയ് 14-ന് ഗുജറാത്തി ഭാഷാ ദിനപത്രമായ ‘ദിവ്യ ഭാസ്‌കർ’ പ്രസിദ്ധീകരിച്ച സംഖ്യകളോടടുത്തുനിൽക്കുന്ന സംഖ്യകൾ (2021-ൽ 1,23,873, 2020-ൽ 58,068) ലഭിച്ചതായും ചിദംബരം വ്യക്തമാക്കി.

ഗുജറാത്തിലെ ബി.ജെ.പി. ഘടകത്തിന്റെ നടപടികളും വിവാദമായിട്ടുണ്ട്. ഡൽഹിയിൽ യൂത്ത് കോൺഗ്രസ് നേതാക്കളെ കോവിഡ് മരുന്നുവിതരണത്തിന്റെപേരിൽ പോലീസ് ചോദ്യംചെയ്തിരുന്നു. എന്നാൽ, മാർച്ച്-ഏപ്രിൽ മാസങ്ങളിൽ ഗുജറാത്തിൽ ബി.ജെ.പി. ഓഫീസുകളിൽ ഈ മരുന്നുകൾ ആവശ്യക്കാർക്ക് സൗജന്യമായി വിതരണം ചെയ്തിരുന്നു. ഇതിന് പോലീസിന്റെ കാവലുമുണ്ടായതാണ്. ഇക്കാര്യത്തിൽ കേന്ദ്രത്തിന്റെ ഇരട്ടത്താപ്പാണ് കോൺഗ്രസ് ചോദ്യംചെയ്യുന്നത്.