ന്യൂഡൽഹി: വിവിധ രാജ്യങ്ങളിൽനിന്ന് സഹായമായി ലഭിച്ച കോവിഡ് പ്രതിരോധ ഉപകരണങ്ങൾ സംസ്ഥാനങ്ങൾക്ക് കൈമാറിയതായി കേന്ദ്രസർക്കാർ. 10,953 ഓക്സിജൻ കോൺസെൻട്രേറ്ററുകൾ, 13,169 ഓക്സിജൻ സിലിൻഡറുകൾ, 19 ഓക്സിജൻ ജനറേഷൻ പ്ലാന്റുകൾ, 4.9 ലക്ഷം വയൽ റെംഡെസിവിർ മരുന്ന് എന്നിവ ഏപ്രിൽ 27 മുതൽ മേയ് 13 വരെ വിവിധ സംസ്ഥാനങ്ങളിലേക്കും കേന്ദ്രഭരണ പ്രദേശങ്ങളിലേക്കും നൽകി.

യു.എസ്., ഇറ്റലി, കാനഡ, ദക്ഷിണ കൊറിയ, ഒമാൻ, യു.കെ., ജപ്പാൻ എന്നിവിടങ്ങളിൽനിന്ന് 68,810 വയൽ റെംഡെസിവിർ മരുന്നും 1,000 യൂണിറ്റ് ടോസിലിസുമാബും ലഭിച്ചു. ആഗോള സഹായം സംസ്ഥാന സർക്കാരുകൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും വേഗത്തിൽ എത്തിക്കാൻ വിവിധ മന്ത്രാലയങ്ങളും വകുപ്പുകളും ആസൂത്രിതമായും ചിട്ടയോടു കൂടി പ്രവർത്തിച്ചതായി മന്ത്രാലയം പറഞ്ഞു.