ന്യൂഡൽഹി: കോവിഡ് പോസിറ്റിവിറ്റി നിരക്ക് 36 ശതമാനം വരെയായി ഉയർന്നിരുന്ന ഡൽഹിയിൽ പ്രതിദിനരോഗികൾ കുറയുന്നു. ശനിയാഴ്ച 6430 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. വെള്ളിയാഴ്ച ഇത് 8506 ആയിരുന്നു. ശനിയാഴ്ച 337 പേർകൂടി മരിച്ചു. ഇതോടെ ആകെ മരണം 21,244 ആയി. ഇതുവരെ 1.38 ലക്ഷം പേർ രോഗബാധിതരായി. ഇതിൽ 66,295 പേർ ചികിത്സയിലാണ്.

ശനിയാഴ്ചത്തെ കണക്കിൽ പോസിറ്റിവിറ്റി നിരക്ക് 11.32 ശതമാനമായി കുറഞ്ഞു. കോവിഡ് കുതിച്ചുയരുകയും ഓക്സിജനും ഐ.സി.യു. കിടക്കകളും ലഭിക്കാതെ മരണഭീതി നിറയുകയുംചെയ്ത സാഹചര്യത്തിൽനിന്ന്‌ തലസ്ഥാനം മുക്തമാവുന്നതാണ് ഇപ്പോഴത്തെ ലക്ഷണം. രോഗപ്രതിരോധത്തിന് എല്ലാ ജില്ലയിലും ഓക്സിജൻ ബാങ്കുകൾ രൂപവത്കരിക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പ്രഖ്യാപിച്ചു. ഓക്സിജൻ കോൺസൺട്രേറ്ററുകൾ ഇവിടെ ശേഖരിച്ചുവെക്കും. വീടുകളിൽ ഏകാന്തവാസത്തിൽ കഴിയുന്ന കോവിഡ് രോഗികൾക്ക് ആവശ്യമനുസരിച്ച് അവ എത്തിച്ചുനൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഒരു ബാങ്കിൽ 200 ഓക്സിജൻ കോൺസൺട്രേറ്ററുകളുണ്ടാവും. ആവശ്യമായ സമയത്ത് മെഡിക്കൽ ഓക്സിജൻ നൽകാത്തതുകൊണ്ടാണ് കോവിഡ് രോഗികളെ ഐ.സി.യു.വിൽ പ്രവേശിപ്പിക്കുന്നതെന്ന്‌ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് കെജ്‌രിവാൾ ചൂണ്ടിക്കാട്ടി. ചില രോഗികൾ മരിക്കുകയുംചെയ്തു. ഈ പ്രശ്നം പരിഹരിക്കാനാണ് ഓക്സിജൻ ബാങ്കുകളെന്നും അദ്ദേഹം വ്യക്തമാക്കി.

രോഗിക്ക് ആവശ്യംവന്നാൽ രണ്ടുമണിക്കൂറിനുള്ളിൽ ഓക്സിജൻ കോൺസൺട്രേറ്റർ വീട്ടിൽ ഘടിപ്പിച്ചുകൊടുക്കും. രോഗമുക്തി നേടുന്നതുവരെ ഡോക്ടർമാർ രോഗികളുമായി ആശയവിനിമയം നടത്തും. അത്യാവശ്യഘട്ടത്തിൽ ആശുപത്രികളിലേക്കും മാറ്റും. ഇത്തരം കാര്യങ്ങൾക്കായി 1031 എന്ന ഹെൽപ്പ്‌ലൈൻ നമ്പർ തയ്യാറാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.