ചണ്ഡീഗഢ്: മുസ്‌ലിം ഭൂരിപക്ഷപ്രദേശമായ മലേർകോട്‌ലയ്ക്ക് പഞ്ചാബ് സർക്കാർ ജില്ലാപദവി നൽകി. മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ്ങാണ് ഈദുൽ ഫിത്തറിനോടനുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങിൽ ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. സംസ്ഥാനത്തെ 23-ാമത്തെ ജില്ലയാണിത്. കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു ജില്ലാ രൂപവത്കരണം. സംഗ്രൂർ ജില്ലയുടെ ഭാഗമായിരുന്നു മലേർകോട്‌ല.

ജില്ലയ്ക്കായി 500 കോടി രൂപ ചെലവിൽ മെഡിക്കൽ കോളേജ്, വനിതാ കോളേജ്, ബസ്‌സ്റ്റാൻഡ്, വനിതാ പോലീസ് സ്റ്റേഷൻ എന്നിവയും അനുവദിച്ചു. മുൻ നവാബ് ഷേർ മുഹമ്മദ് ഖാന്റെ പേരാണ് മെഡിക്കൽ കോളേജിന് നൽകിയിരിക്കുന്നത്. ജില്ലയിൽ വികസനമുറപ്പാക്കാൻ നഗര പരിസ്ഥിതി വികസനപദ്ധതിപ്രകാരം ആറുകോടി രൂപയും സർക്കാർ അനുവദിച്ചു. ഏറെക്കാലമായി നിലനിൽക്കുന്ന ആവശ്യമാണ് നടപ്പാക്കിയതെന്നും ഭരണപരമായ ബുദ്ധിമുട്ട് ഒഴിവാക്കാൻ ജില്ലാ രൂപവത്‌കരണം സഹായകമാകുമെന്നും അമരീന്ദർ സിങ് പറഞ്ഞു.

അതേസമയം, തീരുമാനത്തിൽ രൂക്ഷവിമർശനവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രംഗത്തെത്തി. കോൺഗ്രസിന്റെ വിഭജനനയമാണ് അവിടെ പ്രതിഫലിക്കുന്നതെന്ന് ആദിത്യനാഥ് പറഞ്ഞു. വിശ്വാസത്തിന്റെയും മതത്തിന്റെയും അടിസ്ഥാനത്തിൽ ഭിന്നതയുണ്ടാക്കുന്നത് ഇന്ത്യൻ ഭരണഘടനയുടെ അന്തഃസത്തയ്ക്ക് നിരക്കാത്തതാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.