അമൃത്സർ: കേരള മുൻ ഗവർണറും കേന്ദ്ര മുൻ വിദേശകാര്യസഹമന്ത്രിയുമായിരുന്ന രഘുനന്ദൻ ലാൽ ഭാട്യ (ആർ.എൽ. ഭാട്യ-100) കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ചു. അമൃത്സറിലെ സ്വകാര്യ ആശുപത്രിയിൽ ശനിയാഴ്ച രാവിലെയായിരുന്നു അന്ത്യം. കുടുംബാംഗങ്ങളാണ് മരണവിവരം അറിയിച്ചത്.

2004 ജൂൺ 23മുതൽ 2008 ജൂലായ് 10 വരെ കേരളത്തിന്റെ ഗവർണറായിരുന്നു. 2008മുതൽ 2009 വരെ ബിഹാർ ഗവർണറായും സേവനമനുഷ്ഠിച്ചു. ആറുതവണ അമൃത്സറിൽനിന്ന്‌ ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1972-ലായിരുന്നു ആദ്യ വിജയം. 1980, 1985, 1992, 1996, 1999 തിരഞ്ഞെടുപ്പുകളിലും വിജയിച്ചു.

1992-ൽ വിദേശകാര്യ സഹമന്ത്രിയായി. കോൺഗ്രസ് സംസ്ഥാനപ്രസിഡന്റ്, ജനറൽ സെക്രട്ടറി ഉൾപ്പെടെ പാർട്ടിയുടെ സുപ്രധാനപദവികൾ വഹിച്ചിട്ടുണ്ട്. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് ഉൾപ്പെടെ പ്രമുഖ കോൺഗ്രസ് നേതാക്കൾ ഭാട്യയുടെ നിര്യാണത്തിൽ അനുശോചിച്ചു.