ഐസോൾ: പട്ടാള അട്ടിമറിയെത്തുടർന്ന് മ്യാൻമാറിലെ ചിൻ സംസ്ഥാന മുഖ്യമന്ത്രി സലായി ലിയാൻ ലുവായി ഉൾപ്പെടെ 9247 പേർ മിസോറമിൽ അഭയം തേടിയെന്ന് സംസ്ഥാന പോലീസ് പറഞ്ഞു.

അന്താരാഷ്ട്ര അതിർത്തികടന്ന് തിങ്കളാഴ്ച രാത്രിയാണ് ചിൻ മുഖ്യമന്ത്രി മിസോറമിലെ ചംഫായി പട്ടണത്തിലെത്തിയത്. മുഖ്യമന്ത്രിക്കൊപ്പം 24 എം.എൽ.എ.മാരും മിസോറമിന്റെ വിവിധഭാഗങ്ങളിൽ അഭയം തേടിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. മ്യാൻമാർ സ്വാതന്ത്ര്യപ്പോരാളി ആങ് സാൻ സ്യൂചിയുടെ പാർട്ടിയായ നാഷണൽ ലീഗ് ഫോർ ഡെമോക്രസിയിലെ അംഗങ്ങളാണ് ഇവരെല്ലാം.

മിസോറമിലെ പൗരാവകാശ, വിദ്യാർഥി സംഘടനകൾ ഇവർക്കാവശ്യമായ താമസസൗകര്യം നൽകിയെന്നും പോലീസ് പറഞ്ഞു.

മിസോറമിലെ മിസോ ഗോത്രത്തിന്റെ സംസ്കാരം പിന്തുടരുന്നവരും വംശപരമ്പരയിൽപ്പെട്ടവരുമാണ് ചിൻ സംസ്ഥാനക്കാർ.