മുംബൈ: റിലയൻസ് ഇൻഡസ്ട്രീസ് മേധാവി മുകേഷ് അംബാനിയുടെ വീടായ ആന്റിലയ്ക്ക് മുന്നിൽ വാഹനത്തിൽ സ്ഫോടകവസ്തുക്കളും ഭീഷണി സന്ദേശവും വെച്ച കേസിൽ രണ്ടുപേരെക്കൂടി ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ.) അറസ്റ്റുചെയ്തു. വാഹന ഉടമ മൻസുഖ് ഹിരേൻ കൊല്ലപ്പെട്ട സംഭവത്തിലും ഇവർക്ക് പങ്കുണ്ടെന്നാണ് കരുതുന്നത്.

സ്ഫോടകവസ്തുക്കൾ വെക്കാനുള്ള ഗൂഢാലോചനയിൽ പങ്കാളികളായ സന്തോഷ് ഷെലാർ, ആനന്ദ് ജാധവ് എന്നിവരെ മുംബൈയ്ക്കടുത്ത് മലാഡിൽ നിന്നാണ് എൻ.ഐ.എ. അറസ്റ്റുചെയ്തത്. ഇവരെ പ്രത്യേക എൻ.ഐ.എ. കോടതി ജൂൺ 21 വരെ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തിരിക്കുകയാണ്. ഇരുവരെയും വിശദമായി ചോദ്യം ചെയ്താലേ കൂടുതൽ വിവരങ്ങൾ വെളിപ്പെടൂ എന്ന് എൻ.ഐ.എ. അറിയിച്ചു.

ഈ കേസിൽ കേസിൽ കുറ്റപത്രം സമർപ്പിക്കുന്നതിന് ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ.) ക്ക് മുംബൈയിലെ കോടതി 60 ദിവസംകൂടി അനുവദിച്ചിട്ടുണ്ട്. മുംബൈ പോലീസിലും ഭരണസംവിധാനത്തിലും കോളിളക്കം സൃഷ്ടിച്ച കേസിൽ ആദ്യ അറസ്റ്റുനടന്നിട്ട് 90 ദിവസം കഴിയുമ്പോഴാണ് കുറ്റപത്രം നൽകാൻ കൂടുതൽ സമയം കിട്ടുന്നത്.

മുംബൈ പോലീസിലെ ഏറ്റുമുട്ടൽ വിദഗ്ധൻ എന്നു വിശേഷിപ്പിക്കപ്പെട്ടിരുന്ന സച്ചിൻ വാസേയാണ് കേസിലെ മുഖ്യപ്രതി. പോലീസ് ഓഫീസർമാരായിരുന്ന റിയാസ് കാസി, സുനിൽ മാനേ, വിനായക് ഷിന്ദേ എന്നിവരും വാതുവെപ്പുകാരനുമായ നരേഷ് ഗൗറുമാണ് വാസേയ്ക്കൊപ്പം നേരത്തേ അറസ്റ്റിലായവർ.

ആന്റിലയ്ക്കു മുന്നിൽ ഫെബ്രുവരി 25-നാണ് സ്ഫോടകവസ്തുക്കൾ വെച്ചനിലയിൽ വാഹനം കണ്ടെത്തിയത്. വാഹന ഉടമയായിരുന്ന മൻസുഖ് ഹിരേനിന്റെ മൃതദേഹം മാർച്ച് അഞ്ചിന് മുംബ്രയിലെ കടലിടുക്കിൽ കണ്ടെത്തി. മാർച്ച് എട്ടിന് കേസന്വേഷണം മുംബൈ പോലീസിൽനിന്ന് എൻ.ഐ.എ. ഏറ്റെടുത്തു.

രണ്ടു കേസുകളുടെയും അന്വേഷണച്ചുമതലയുണ്ടായിരുന്ന സച്ചിൻ വാസേയെ മാർച്ച് 13-നാണ് എൻ.ഐ.എ. അറസ്റ്റു ചെയ്തത്. ആദ്യ അറസ്റ്റുനടന്ന് 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കണമെന്നാണ് ചട്ടം. എന്നാൽ യു.എ.പി.എ. ചുമത്തപ്പെട്ട കേസിൽ അതിന് 180 ദിവസംവരെയെടുക്കാം.