ന്യൂഡൽഹി: പുത്തൻ ഐ.ടി. ചട്ടങ്ങളുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച ഹാജരാകണമെന്നാവശ്യപ്പെട്ട് പാർലമെന്ററി സമിതി ട്വിറ്റർ അധികൃതർക്ക് സമൻസ് അയച്ചു. വെള്ളിയാഴ്ച വൈകുന്നേരം നാലുമണിക്ക് മുൻപായി പാർലമെന്റ് കെട്ടിടത്തിൽ എത്തിച്ചേർന്ന് സാമൂഹികമാധ്യമങ്ങളും ഓൺലൈൻ വാർത്തകളും ദുരുപയോഗം ചെയ്യുന്നത് എങ്ങനെ തടയാമെന്ന് സമിതിക്കുമുൻപാകെ വിശദീകരിക്കണം.

ട്വിറ്റർ പ്രതിനിധികളുടെ അഭിപ്രായങ്ങൾ കേട്ടശേഷം ഡിജിറ്റൽ ലോകത്ത് പൗരന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും സ്ത്രീസുരക്ഷ ഉറപ്പാക്കാനും സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് വിദഗ്ധരുടെ വാദങ്ങൾ സമിതി പരിഗണിക്കും.

ചട്ടങ്ങൾ പാലിക്കുന്നതിൽനിന്ന് ട്വിറ്ററിനെ തടയുന്ന കാരണങ്ങൾ കണ്ടെത്താൻ ശ്രമിക്കുമെന്ന് സമിതിയിലെ അംഗത്തെ ഉദ്ധരിച്ച് എ.എൻ.ഐ. റിപ്പോർട്ട് ചെയ്തു. നേരത്തേയും വിവിധ വിഷയങ്ങളിൽ ട്വിറ്ററിന് സമിതി സമൻസ് അയച്ചിരുന്നു. ‌ പുത്തൻ ഐ.ടി. ചട്ടങ്ങൾ പാലിക്കുന്നതുമായി ബന്ധപ്പെട്ട് നേരത്തേ കേന്ദ്രസർക്കാർ ട്വിറ്ററിന് അന്ത്യശാസനം നൽകിയിരുന്നു. ചട്ടങ്ങൾ പാലിക്കാനുള്ള ശ്രമം തുടരുകയാണെന്നും കേന്ദ്രസർക്കാരുമായി ആശയവിനിമയം തുടരുമെന്നും ട്വിറ്റർ പ്രതികരിച്ചു.