ബെംഗളൂരു: കുടകിലെ വീരാജ്‌പേട്ടിൽ മാനസിക വെല്ലുവിളി നേരിടുന്നയാൾ മരിച്ചത് പോലീസിന്റെ മർദനത്തെ തുടർന്നെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ആന്തരിക അവയവങ്ങൾക്ക് കേടുസംഭവിച്ചതായി കണ്ടെത്തിയിട്ടുണ്ട്. കേസ് അന്വേഷിക്കുന്ന സി.ഐ.ഡി.ക്ക് റിപ്പോർട്ട് കൈമാറി.

ചിക്ക്‌പേട്ട് നിവാസിയായ റോയി ഡിസൂസ(50)യാണ് മരിച്ചത്. സംഭവത്തിൽ വീരാജ്‌പേട്ട് സ്റ്റേഷനിലെ എട്ടുപോലീസുകാരെ സസ്പെൻഡ് ചെയ്തിരുന്നു. കഴിഞ്ഞ ബുധനാഴ്ച രാത്രി റോഡിൽ കത്തിയുമായി കറങ്ങിനടന്ന റോയിയെ ചോദ്യംചെയ്ത പോലീസ് കോൺസ്റ്റബിൾ സംഗമേഷിനെ ഇയാൾ ആക്രമിച്ചിരുന്നു. കൈക്ക് പരിക്കേറ്റ കോൺസ്റ്റബിൾ സ്റ്റേഷനിലേക്ക് ഓടി രക്ഷപ്പെട്ടു. പിന്നീട് പോലീസ് റോയിയെ കസ്റ്റഡിയിലെടുത്ത് മർദിച്ചെന്നാണ് പരാതി. അമ്മയെ വിളിച്ചുവരുത്തി റോയിയെ കൂടെ വിട്ടയച്ചെങ്കിലും ആരോഗ്യനിലവഷളായി സ്വകാര്യ ആശുപത്രിയിൽവെച്ച് മരിക്കുകയായിരുന്നു.