കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിന് കൂടുതൽ ആഘാതമേല്പിച്ച് ബീർഭൂം എം.പി. ശതാബ്ദി റോയിയും ബി.ജെ.പി.യിലേക്ക്. തീരുമാനം ഇന്നുണ്ടാകുമെന്നാണ് ശതാബ്ദി അറിയിച്ചിരിക്കുന്നത്.

ബംഗാളിലെ ബി.ജെ.പി. നേതാക്കളായ ദിലീപ് ഘോഷ്, അമിതാഭ ചക്രവർത്തി, ദേശീയ ഉപാധ്യക്ഷൻ മുകുൾ റോയ് എന്നിവർ കേന്ദ്രനേതൃത്വവുമായി ചർച്ച നടത്താൻ ന്യൂഡൽഹിയിലുണ്ട്. അമിത് ഷായുമായി കൂടിക്കാഴ്ചയ്ക്ക് ശനിയാഴ്ച രാവിലെ ഡൽഹിയിലെത്തുന്ന ശതാബ്ദി നേതാക്കളുടെ സാന്നിധ്യത്തിൽ ബി.ജെ.പി.യിൽ ചേരുമെന്നാണ് കരുതുന്നത്.

കഴിഞ്ഞ 29-ന് മുഖ്യമന്ത്രി മമതാ ബാനർജി ബീർഭൂമിൽ റാലി നടത്തിയപ്പോൾ ശതാബ്ദിയും പങ്കെടുത്തിരുന്നു. എന്നാൽ, രണ്ടാഴ്ചയ്ക്കിടെ അവർ മലക്കംമറിഞ്ഞു. ജനങ്ങളുമായി ഇടപഴകുന്നതിൽനിന്ന് പാർട്ടിയിലെ ചില കേന്ദ്രങ്ങൾ തടയുന്നുവെന്ന വിമർശനമാണ് അവർ ഇപ്പോൾ ഉന്നയിക്കുന്നത്.

ശതാബ്ദി ബി.ജെ.പി.യിലേക്ക് പോകുമെന്നത് നേരത്തേ കേട്ടിരുന്നുവെന്നും പാർട്ടി വിട്ടുപോകാൻ ആർക്കും സ്വാതന്ത്ര്യമുണ്ടെന്നും തൃണമൂൽ നേതാവ് സുഖേന്ദു ശേഖർ റോയ് എം.പി. പറഞ്ഞു. ചിട്ടിഫണ്ടുകളുമായി ബന്ധപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി എം.പി.മാരെ കൂറുമാറ്റുകയാണ് ബി.ജെ.പി.യെന്നും സുഖേന്ദു ആരോപിച്ചു.