ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിന്റെ നിർമാണജോലികൾ വെള്ളിയാഴ്ച തുടങ്ങി. കഴിഞ്ഞമാസം പത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് മന്ദിരത്തിന് തറക്കല്ലിട്ടത്.

സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികമായ 2022 ഓഗസ്റ്റോടെ പണി പൂർത്തിയാക്കാനാവുമെന്നാണ് പ്രതീക്ഷ. അടുത്തകൊല്ലത്തെ വർഷകാല സമ്മേളനം പുതിയ പാർലമെന്റ് മന്ദിരത്തിലായിരിക്കും ചേരുക.

പുതിയ സെൻട്രൽ വിസ്റ്റയുടെ ഭാഗമാണ് ത്രികോണാകൃതിയിലുള്ള പാർലമെന്റ് മന്ദിരം. പദ്ധതിക്ക് സുപ്രീംകോടതി അനുമതി നൽകിയിരുന്നു. തുടർന്ന് കഴിഞ്ഞയാഴ്ച ചേർന്ന പൈതൃകസമിതിയും അന്തിമാനുമതി നൽകി. പാർലമെന്റ് മന്ദിരത്തിനുമാത്രം 971 കോടി രൂപയാണ് നിർമാണച്ചെലവ്.