ജയ്‌പുർ: ബെംഗളൂരുവിൽനിന്നുള്ള പ്രമുഖ ബൈക്കർ കിങ് റിച്ചാർഡ് ശ്രീനിവാസൻ (45) രാജസ്ഥാനിലെ ജയ്സാൽമീർ ജില്ലയിൽ മോട്ടോർ സൈക്കിൾ അപകടത്തിൽ മരിച്ചു. ഫത്തേഗഢ്‌ സബ് ഡിവിഷനിൽ ശ്രീനിവാസന്റെ മോട്ടോർസൈക്കിൾ പെട്ടെന്ന് മുന്നിലേക്കുചാടിയ ഒട്ടകത്തിനുമേൽ ഇടിക്കുകയായിരുന്നു.

ഉടൻതന്നെ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 8000 കിലോമീറ്റർ യാത്രയുടെ ഭാഗമായി ബെംഗളൂരുവിൽനിന്ന് ജയ്സാൽമീറിൽ എത്തിയതായിരുന്നു ശ്രീനിവാസനും മൂന്നുസുഹൃത്തുക്കളും. ജനുവരി 23-ന് ബെംഗളൂരുവിൽ യാത്ര അവസാനിപ്പിക്കാനിരിക്കുകയായിരുന്നു. അഞ്ചു ഭൂഖണ്ഡങ്ങളിലുടെ ബൈക്ക് യാത്ര നടത്തിയിട്ടുള്ള ശ്രീനിവാസൻ 37 രാജ്യങ്ങളിലായി 65,000 കിലോമീറ്റർ സഞ്ചരിച്ചിട്ടുണ്ട്.