ന്യൂഡൽഹി: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സി.ബി.എസ്.ഇ. പത്താം ക്ലാസ് പരീക്ഷ ഉപേക്ഷിച്ചു. പ്ലസ് ടു പരീക്ഷ മാറ്റിവെച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. മേയ് നാലിനാണ് സി.ബി.എസ്.ഇ. ബോർഡ് പരീക്ഷകൾ നടത്താൻ തീരുമാനിച്ചിരുന്നത്.

ജൂൺ ഒന്നിന് വീണ്ടും യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തും. സാഹചര്യം അനുകൂലമാണെങ്കിൽ പരീക്ഷ നടത്തുന്നതിനുള്ള തീരുമാനമെടുക്കും. പരീക്ഷ തുടങ്ങുന്നതിന് 15 ദിവസം മുൻപ് ഉത്തരവിറക്കണമെന്ന നിർദേശം സി.ബി.എസ്.ഇ.യ്‌ക്ക് നൽകിയതായും വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

ബോർഡ് തയ്യാറാക്കിയ മാനദണ്ഡങ്ങൾ ഉപയോഗിച്ചാകും പത്താംക്ലാസിലെ ഫലങ്ങൾ തയ്യാറാക്കുക. തനിക്കു ലഭിച്ച മാർക്കിൽ തൃപ്തരല്ലാത്ത വിദ്യാർഥികൾക്ക് പരീക്ഷ നടത്താനുള്ള സാഹചര്യങ്ങൾ അനുയോജ്യമായാൽ എഴുതാൻ അവസരം നൽകും.

നീറ്റ് പി.ജി. പരീക്ഷ മാറ്റി

: ഞായറാഴ്ച നടത്താനിരുന്ന നീറ്റ് പി.ജി. പരീക്ഷ മാറ്റിവെച്ചതായി കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ വർധൻ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും മെഡിക്കൽ വിദ്യാർഥികളുടെ സുരക്ഷയെ കരുതിയാണ് തീരുമാനമെന്നും ഹർഷവർധൻ വ്യക്തമാക്കി. 1.7 ലക്ഷം വിദ്യാർഥികളാണ് പരീക്ഷയെഴുതുക.