ന്യൂഡൽഹി: കോൺഗ്രസ് ദേശീയ തലത്തിൽ യൂ ട്യൂബ് ചാനൽ തുടങ്ങുന്നു. ഏപ്രിൽ 24-ന് പഞ്ചായത്ത് രാജ് ദിനത്തിൽ തുടക്കംകുറിക്കുന്ന ചാനലിന് ഐ.എൻ.സി. ടി.വി. എന്നാണ് പേര്. വിവിധ രാഷ്ട്രീയ വിഷയങ്ങളിലെ പാർട്ടിനിലപാടും നേതാക്കളുടെ അഭിപ്രായങ്ങളും ഈ ചാനലിലൂടെ പുറത്തു വിടും. ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ ദിവസവും എട്ടുമണിക്കൂറാവും പരിപാടികൾ.

മുഖ്യധാരാ മാധ്യമങ്ങൾ സർക്കാരിന്റെ വാദങ്ങൾ മാത്രം പ്രചരിപ്പിക്കുകയാണെന്നും പ്രതിപക്ഷത്തിന് ആവശ്യമായ അവസരം നൽകുന്നില്ലെന്നും ചാനൽ ആരംഭിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചുകൊണ്ട് കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ പത്രസമ്മേളനത്തിൽ പറഞ്ഞു. പത്രപ്രവർത്തനം ആദ്യകാലത്ത് തൊഴിലായിരുന്നുവെങ്കിൽ അതിപ്പോൾ കച്ചവടം ആയതായി അംബേദ്കർ 1940-കളിൽ പറഞ്ഞിരുന്നു. ആ അഭിപ്രായത്തിന് ഇന്നും പ്രസക്തിയുണ്ടെന്നും ഖാർഗെ പറഞ്ഞു. ബുധനാഴ്ച അംബേദ്കർ ജയന്തിദിനത്തിലാണ് രാജ്യസഭയിലെ പ്രതിപക്ഷ നേതാവു കൂടിയായ ഖാർഗെ മാധ്യമങ്ങളെ കണ്ടത്.

രാജ്യത്ത് ദളിതർക്കെതിരായ ആക്രമണങ്ങൾ വർധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി.സർക്കാർ ഭരണഘടനയുടെ അന്തസ്സത്തയ്ക്ക് വിരുദ്ധമായാണ് പ്രവർത്തിക്കുന്നതെന്ന് ഖാർഗെ ആരോപിച്ചു. ‘‘മോദി സർക്കാർ എല്ലാവരെയും ഭയപ്പെടുത്തുകയാണ്. പത്രപ്രവർത്തകരെയും രാഷ്ട്രീയനേതാക്കളെയും സാമൂഹിക പ്രവർത്തകരെയുമെല്ലാം അവർ ഭയപ്പെടുത്തുന്നു.’’ -അദ്ദേഹം പറഞ്ഞു.