ന്യൂഡൽഹി: രാജ്യത്ത് മെഡിക്കൽ ഓക്സിജന്റെ ശേഖരം ആവശ്യത്തിനുണ്ടെങ്കിലും അത് യുക്തിസഹമായി ഉപയോഗിക്കണമെന്ന് കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. കോവിഡ് ബാധിച്ച് കൂടുതൽപേർ ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ടതോടെ മെഡിക്കൽ ഓക്സിജൻ കുറയുകയാണെന്ന ആശങ്ക പലയിടങ്ങളിലുമുണ്ട്. ചിലയിടങ്ങളിൽ ഓക്സിജൻ ദൗർലഭ്യം ഉള്ളതായും വാർത്തവന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് നിർദേശം. കോവിഡ് മൂർച്ഛിക്കുന്ന ഘട്ടത്തിൽ അനിവാര്യമായ ചികിത്സാരീതിയാണ് ഓക്സിജൻ നൽകൽ.

രാജ്യത്ത് ആവശ്യത്തിന് ഓക്സിജൻ ശേഖരമുണ്ടെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഉത്പാദനം കൂട്ടുകയും ശേഖരിച്ചുവെക്കുകയും ചെയ്തിട്ടുണ്ട്. 50,000 ടൺ ശേഖരമാണ് ഇപ്പോഴുള്ളത്. ദിവസേന 7127 ടൺ ഉത്പാദിപ്പിക്കാനുള്ള ശേഷിയുണ്ട്. ഇതിനുപുറമേ, ആവശ്യം വരുകയാണെങ്കിൽ സ്റ്റീൽ പ്ലാന്റുകളുടെ പക്കൽ അധികമായുള്ള ഓക്സിജൻ ഉപയോഗപ്പെടുത്താനാവും. മന്ത്രിതലസമിതി ആവശ്യപ്പെട്ടതനുസരിച്ച് ഇപ്പോൾ ഉത്പാദനം പരമാവധി ആക്കിയിരിക്കയാണ്.

കഴിഞ്ഞ രണ്ടുദിവസങ്ങളായി ഓക്സിജന്റെ ആവശ്യകതയും ഉപയോഗവും കൂടിയിട്ടുണ്ട്. ഏപ്രിൽ 12-ന് 3842 ടൺ മെഡിക്കൽ ഓക്സിജനേ വേണ്ടിവന്നിരുന്നുള്ളൂ. അതായത്, ഉത്പാദനശേഷിയുടെ 54 ശതമാനം മാത്രം. ഇപ്പോൾ അതിലും കൂടുതലാണ് ആവശ്യം. മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ്, യു.പി., കർണാടക, തമിഴ്‌നാട്, ഛത്തീസ്ഗഢ്, പഞ്ചാബ്, രാജസ്ഥാൻ എന്നിവിടങ്ങളിലാണ് കോവിഡ് രോഗികൾക്ക് മെഡിക്കൽ ഓക്സിജൻ കൂടുതൽ വേണ്ടിവരുന്നത്. ഓക്സിജന്റെ ലഭ്യത, താഴെത്തട്ടിലുള്ള വിതരണം, ഉപയോഗം തുടങ്ങിയവയെല്ലാം നിത്യേന നിരീക്ഷിക്കാൻ സംവിധാനം കൊണ്ടുവരുന്നുണ്ട്.

ഓക്സിജൻ അധികമെന്നും ആവശ്യമില്ലാത്ത സംസ്ഥാനങ്ങളിൽനിന്ന് അത് കൂടുതൽവേണ്ട ഇടങ്ങളിലെത്തിക്കുകയാണ് ഇപ്പോഴത്തെ വെല്ലുവിളിയെന്ന് മന്ത്രാലയം വിശദീകരിച്ചു. ദ്രവീകരിച്ച മെഡിക്കൽ ഓക്സിജൻ കൊണ്ടുപോകുന്നത് സുഗമമാക്കാൻ കേന്ദ്ര ഗതാഗത മന്ത്രാലയവും സംസ്ഥാന ഗതാഗതവകുപ്പുകളും ഉൾപ്പെട്ട ഒരു ഉപസമിതി രൂപവത്കരിച്ചിട്ടുണ്ട്.

നൈട്രജൻ, ആർഗോൺ എന്നീ വാതകങ്ങൾ കയറ്റിക്കൊണ്ടുപോകുന്ന ടാങ്കറുകളെ ഓക്സിജൻ ടാങ്കറുകളാക്കി മാറ്റാൻ പെട്രോളിയം സേഫ്‌റ്റി ഓർഗനൈസേഷൻ നിർദേശം നൽകിയിട്ടുണ്ട്. ആവശ്യമായ വൃത്തിയാക്കലുകൾക്കുശേഷം ഇൻഡസ്ട്രിയൽ സിലിൻഡറുകളിൽ മെഡിക്കൽ ഓക്സിജൻ കൊണ്ടുപോകാനും അനുമതി നൽകിയിട്ടുണ്ട്. ഒരുലക്ഷം ഓക്സിജൻ സിലിൻഡറുകൾ ആരോഗ്യമന്ത്രാലയം വാങ്ങും.