ന്യൂഡൽഹി: കോവിഡ് രണ്ടാം തരംഗം നേരിടുന്നതിലെ പ്രധാനമന്ത്രി കെയർ ഫണ്ട് വിനിയോഗത്തെ ചോദ്യംചെയ്ത് കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി. കേന്ദ്രസർക്കാരിന്റെ വാക്സിൻ ഉത്സവ് തട്ടിപ്പാണെന്നും രാഹുൽ ആരോപിച്ചു. ആശുപത്രികളിൽ പരിശോധനയും കട്ടിലും വെന്റിലേറ്ററുകളും ഇല്ലെന്നും ഓക്സിജൻ ലഭ്യമല്ലെന്നും രാഹുൽ ട്വിറ്ററിലൂടെ കുറ്റപ്പെടുത്തി.

ഉത്തർപ്രദേശിൽ അധികൃതർ ശ്മശാനം മറയ്ക്കുന്ന ഫോട്ടോ ട്വീറ്റ് ചെയ്ത് പ്രിയങ്കാഗാന്ധിയും കോവിഡ് പ്രതിരോധപാളിച്ചകളെ വിമർശിച്ചു. കൊറോണമരണങ്ങൾ മറച്ചുവെക്കരുതെന്ന് അവർ സർക്കാരിനോട് ആവശ്യപ്പെട്ടു. കോവിഡ് കേസുകൾ ഒറ്റദിവസം രണ്ടുലക്ഷവും മരണം ആയിരവും കടന്നതിനുപിന്നാലെയാണ് കോൺഗ്രസ് നേതാക്കളുടെ പ്രതികരണം.

യു.പി. സർക്കാർ ദുരന്തം മറച്ചുവെക്കാനും അടിച്ചമർത്താനും ശ്രമിക്കുന്നതിന്‌ സമയവും വിഭവങ്ങളും ഊർജവും പാഴാക്കരുതെന്ന് അപേക്ഷിക്കുന്നതായി പ്രിയങ്ക കുറിച്ചു. ലഖ്നൗവിലെ ബൈകുന്ത് ശ്മശാനത്തിനുചുറ്റും ടിൻ ഷീറ്റുകൾ സ്ഥാപിക്കുന്ന വീഡിയോയും അവർ ട്വീറ്റ് ചെയ്തു. ഈ ശ്മശാനത്തിൽ ഒട്ടേറെ മൃതദേഹങ്ങൾ സംസ്കരിക്കുന്നതിന്റെ വീഡിയോദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിനുപിന്നാലെയാണിത്.