മുംബൈ: അഴിമതിയാരോപണത്തെത്തുടർന്ന് ആഭ്യന്തരമന്ത്രിസ്ഥാനം ഒഴിയേണ്ടിവന്ന എൻ.സി.പി. നേതാവ് അനിൽ ദേശ്‌മുഖിനെ സി.ബി.ഐ. 11 മണിക്കൂർ ചോദ്യംചെയ്തു. ആരോപണങ്ങൾ നിഷേധിച്ച ദേശ്‌മുഖ്, മഹാരാഷ്ട്രയിലെ ത്രികക്ഷിസർക്കാരിനെ അപകീർത്തിപ്പെടുത്താൻ കെട്ടിച്ചമച്ചവയാണ് അവയെന്ന മൊഴിയാണ് അന്വേഷണോദ്യോഗസ്ഥർക്ക് നൽകിയത്.

മുംബൈ ഡി.ആർ.ഡി.ഒ. ഗസ്റ്റ്‌ഹൗസിൽവെച്ചാണ് ബുധനാഴ്ച ദേശ്‌മുഖിനെ ചോദ്യംചെയ്തത്. രാവിലെ 10 മണിയോടെ ഗസ്റ്റ് ഹൗസിലെത്തിയ അദ്ദേഹം രാത്രി ഒമ്പതുമണിയോടെയാണ് തിരിച്ചുപോയത്. എസ്.പി. റാങ്കിലുള്ള അഭിഷേക് ദുലാർ, കിരൺ എസ്. എന്നീ ഉദ്യോഗസ്ഥരാണ് ചോദ്യം ചെയ്യലിന് നേതൃത്വം നൽകിയത്.

മുൻമന്ത്രിയിൽനിന്ന് 75 ചോദ്യങ്ങൾക്ക് ഇവർ ഉത്തരംതേടിയെന്നാണ് അറിയുന്നത്.

നഗരത്തിലെ ബാറുകളിൽനിന്ന് എല്ലാമാസവും 100 കോടി രൂപ പിരിച്ചുനൽകണമെന്ന് മന്ത്രിയായിരിക്കേ അനിൽ ദേശ്‌മുഖ് പോലീസുകാരോട് നിർദേശിച്ചിരുന്നെന്നാണ് മുൻ മുംബൈ പോലീസ് കമ്മിഷണർ പരംബീർ സിങ് ആരോപിച്ചത്. ഉയർന്ന ഉദ്യോഗസ്ഥരെ മറികടന്ന് സച്ചിൻ വാസേയെപ്പോലുള്ള പോലീസുകാർക്കാണ് മന്ത്രി ഈ നിർദേശം നൽകിയിരുന്നതെന്നും സിങ് വെളിപ്പെടുത്തിയിരുന്നു. പരംബീർ സിങ്ങുമായും സച്ചിൻ വാസേയുമായും ദേശ്‌മുഖിനുള്ള ബന്ധത്തെക്കുറിച്ചാണ് പ്രധാനമായും സി.ബി.ഐ. സംഘം ആരാഞ്ഞത്. അസിസ്റ്റന്റ് പോലീസ് ഇൻസ്പെക്ടർ മാത്രമായിരുന്ന സച്ചിൻ വാസേയുമായി മന്ത്രി നേരിട്ട് ആശയവിനിമയം നടത്തുന്നതിന്റെ ഔചിത്യത്തെക്കുറിച്ചും ചോദ്യങ്ങളുണ്ടായി.

ഓരോ ചോദ്യത്തിനും ദേശ്‌മുഖ് നൽകിയ മറുപടികൾ എന്തൊക്കെയെന്ന് വ്യക്തമല്ലെങ്കിലും ആരോപണങ്ങളെല്ലാം അദ്ദേഹം നിഷേധിച്ചതായി സി.ബി.ഐ. വൃത്തങ്ങൾ വെളിപ്പെടുത്തി. സംസ്ഥാനം ഭരിക്കുന്ന മഹാവികാസ് അഘാഡിയുടെ പ്രതിച്ഛായ തകർക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് അഴിമതിയാരോപണങ്ങൾ എന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. ദേശ്‌മുഖ് നൽകിയ മൊഴി വിശദമായി പരിശോധിക്കുമെന്നും കൂടുതൽ വിശദീകരണം ആവശ്യമാണെന്നുതോന്നിയാൽ അദ്ദേഹത്തെ വീണ്ടും ചോദ്യംചെയ്യുമെന്നും സി.ബി.ഐ. അധികൃതർ അറിയിച്ചു.

ദേശ്‌മുഖിനെതിരേ പരാതി നൽകിയ മുൻ മുംബൈ പോലീസ് കമ്മിഷണർ പരംബീർ സിങ്, അറസ്റ്റുചെയ്യപ്പെട്ട പോലീസ് ഓഫീസർ സച്ചിൻ വാസേ, ഡെപ്യൂട്ടി കമ്മിഷണർ രാജു ഭുജ്ബൽ, എ.സി.പി. സഞ്ജയ് പാട്ടീൽ, ദേശ്‌മുഖിന്റെ പേഴ്‌സണൽ സെക്രട്ടറി സഞ്ജീവ് പലാന്ദേ, പേഴ്‌സണൽ അസിസ്റ്റന്റ് കുന്ദൻ ഷിന്ദേ, ബാറുടമയായ മഹേഷ് ഷെട്ടി എന്നിവരെ ചോദ്യംചെയ്തതിനുശേഷമാണ് സി.ബി.ഐ. ദേശ്‌മുഖിന്റെ മൊഴിയെടുത്തത്.