ന്യൂഡൽഹി: ബിഹാറിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും പേമാരിയെത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിനു വെള്ളിയാഴ്ച നേരിയ ശമനം.

അസമിലും ബിഹാറിലുമായി പേമാരിയിൽ മരിച്ചവരുടെ എണ്ണം 150 ആയി. ഏകദേശം 1.15 കോടിയിലേറെപ്പേരെ പ്രളയം ബാധിച്ചതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

ബിഹാറിൽ മാത്രം ഇതുവരെ 92 പേർ മരിച്ചു. ദുരിതാശ്വാസ, പുനരധിവാസ പ്രവർത്തനങ്ങൾ ഊർജിതമായി തുടരുകയാണ്. 12 ജില്ലകളിൽനിന്നുള്ള ഏകദേശം 66.76 ലക്ഷം ആളുകളെ പ്രളയം ബാധിച്ചതായി സംസ്ഥാന ദുരന്ത നിയന്ത്രണ വകുപ്പ് അറിയിച്ചു. സീതാമഢിയിലാണ് മിന്നൽപ്രളയം ഏറ്റവുമധികം നാശംവിതച്ചത്. മരിച്ചവരുടെ കുടുംബാംഗങ്ങൾക്കു നാലുലക്ഷം രൂപ വീതം നഷ്ടപരിഹാരമായി നൽകുമെന്ന് മുഖ്യമന്ത്രി നിതീഷ് കുമാർ അറിയിച്ചു.

അസമിൽ വെള്ളിയാഴ്ച മാത്രം 11 പേർ മരിച്ചു. ഇതോടെ സംസ്ഥാനത്ത് മഴക്കെടുതിയിൽ ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം 47 ആയി ഉയർന്നു. സംസ്ഥാനത്ത് 48.87 പേരെ പ്രളയം ബാധിച്ചു. 1.79 ലക്ഷം ഹെക്ടർ കൃഷിഭൂമിയും കാശിരംഗ ദേശീയോദ്യാനത്തിന്റെ 90 ശതമാനവും വെള്ളത്തിനടിയിലാണ്.

Content Highlights: 150 killed in floods in Assam and Bihar