ന്യൂഡൽഹി: കോൺഗ്രസ് നേതാവ് ശശി തരൂരിന്റെ ഭാര്യ സുനന്ദാ പുഷ്കർ വിവാഹബന്ധത്തിലെ കുഴപ്പങ്ങൾകാരണം മനോവിഷമം അനുഭവിച്ചിരുന്നെന്ന് ഡൽഹി പോലീസ് ചൊവ്വാഴ്ച കോടതിയിൽ ബോധിപ്പിച്ചു.

തരൂർ സുനന്ദയെ മാനസികമായി പീഡിപ്പിച്ചിരുന്നെന്നും ആത്മഹത്യക്കു പ്രേരിപ്പിച്ചെന്നും പ്രത്യേകജഡ്‌ജി അജയ് ശ്രീവാസ്തവയ്ക്കു മുമ്പാകെ പോലീസ് പറഞ്ഞു. ആരോപണം തരൂർ നിഷേധിച്ചിരുന്നു. കേസിൽ ജാമ്യത്തിൽ കഴിയുകയാണ് അദ്ദേഹം.

പോസ്റ്റ്മോർട്ടം റിപ്പോർട്ടനുസരിച്ച് വിഷം ഉള്ളിൽച്ചെന്നാണ് സുനന്ദ മരിച്ചത്. അവരുടെ ശരീരത്തിൽ 15 മുറിവുകളുണ്ടായിരുന്നു. ഭർത്താവുമായുള്ള വഴക്കുകാരണം സുനന്ദ മനോവിഷമത്തിലായിരുന്നെന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അതുൽ ശ്രീവാസ്തവ കോടതിയിൽ പറഞ്ഞു.

പാകിസ്താനി മാധ്യമപ്രവർത്തകയായ മെഹർ തരാറുമായുള്ള തരൂരിന്റെ ബന്ധത്തിൽ സുനന്ദ അസ്വസ്ഥയായിരുന്നു. ഇതേച്ചൊല്ലി ദമ്പതിമാർക്കിടയിലുണ്ടായിരുന്ന വഴക്കിനെക്കുറിച്ച് സുനന്ദയുടെ സുഹൃത്തും മാധ്യമപ്രവർത്തകയുമായ നളിനി സിങ് മൊഴി നൽകിയിട്ടുണ്ട്. ഇതു കുറ്റപത്രത്തിന്റെ ഭാഗമാണ്. മെഹറിനയച്ച ഇ-മെയിലുകളിൽ തരൂർ ഉപയോഗിച്ച പ്രണയപൂർവമുള്ള അഭിസംബോധനയും ശ്രീവാസ്തവ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. തരൂരിനുവേണ്ടി ഹാജരായ അഭിഭാഷകൻ വികാസ് പെഹ്‌വ ഈ വാദങ്ങൾ നിഷേധിച്ചു. ഇത്തരമൊരു ഇ-മെയിലിനെക്കുറിച്ച് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

കേസ് ഈ മാസം 31-നു വീണ്ടും കേൾക്കും.

Content Highlights: 15 Injury marks found on Sunanda Pushkar's body Says Delhi Police