മുംബൈ: രാജ്യത്ത് സ്വകാര്യ തീവണ്ടികൾ ഓടിക്കാൻ താത്പര്യം പ്രകടിപ്പിച്ച് റെയിൽവേ മന്ത്രാലയത്തിന് അപേക്ഷ നൽകിയത് 15 കമ്പനികൾ. ജി.എം.ആർ., ബി.എച്ച്.ഇ.എൽ., എൽ. ആൻഡ് ടി., മേഘാ എൻജിനിയറിങ്, ഐ.ആർ.സി.ടി.സി., ഐ.ആർ.ബി. ഇൻഫ്രാസ്ട്രക്ചർ, വെൽസ്പൺ, ഗേറ്റ്‌വേ റെയിൽ ഫ്രൈറ്റ്, ക്യൂബ് ഹൈവേസ്, മാലെമ്പട്ടി പവർ, സായ്‌നാഥ് സെയിൽസ്, ആർ.കെ. അസോസിയേറ്റ്‌സ്, കൺസ്ട്രക്ഷൻ വൈ ആക്സിലിയർ, പി.എൻ.സി. ഇൻഫ്രാടെക്, അരവിന്ദ് ഏവിയേഷൻ എന്നീ കമ്പനികളാണ് അപേക്ഷ നൽകിയത്. ഇതിൽ കൺസ്ട്രക്ഷൻ വൈ ആക്സിലിയർ വിദേശ (സ്പെയിൻ) കമ്പനിയാണ്. മുംബൈ, ഡൽഹി, നാഗ്പൂർ, ചെന്നൈ, ഹൗറ, പട്‌ന, ജയ്പൂർ, െബംഗളൂരു, സെക്കന്തരാബാദ്, പ്രയാഗ്‌രാജ് തുടങ്ങി 12 ക്ലസ്റ്ററുകളിലേക്കായി 120 അപേക്ഷകളാണ് ഈ കമ്പനികൾ നൽകിയിട്ടുള്ളതെന്ന് റെയിൽവേ മന്ത്രാലയം അറിയിച്ചു.
140 സ്റ്റേഷനുകൾക്കിടയിലായി 151 സ്വകാര്യവണ്ടികളായിരിക്കും സ്വകാര്യകമ്പനികൾ ഓടിക്കുക. 30,000 കോടി രൂപയായിരിക്കും ഇതിനായി സ്വകാര്യകമ്പനികൾക്ക് മുടക്കേണ്ടിവരിക. അടുത്ത മാസത്തോടെ ഈ അപേക്ഷകൾ പരിശോധിച്ച് അടുത്തവർഷം ഫെബ്രുവരിയോടെ എല്ലാ ക്ലസ്റ്ററുകളും സ്വകാര്യ കമ്പനികൾക്കായി അനുവദിക്കാനുമാണ് തീരുമാനം. 2023 മാർച്ചോടെ സ്വകാര്യവണ്ടികൾ ഓടിക്കാനാണ് ആലോചന. ആദ്യം 12 വണ്ടികളും ഒരു വർഷത്തിനിടയിൽ 45 വണ്ടികളും ഓടിക്കുമെന്നാണ് റെയിൽവേ വൃത്തങ്ങൾ നൽകുന്ന സൂചന.