ന്യൂഡൽഹി: കോവിഡ് പ്രതിസന്ധി ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് ഡൽഹിയിൽ പോസ്റ്റർ പതിച്ച 15 പേരെ അറസ്റ്റു ചെയ്തു. ‘മോദിജി, നമ്മുടെ കുട്ടികൾക്കുള്ള വാക്സിൻ എന്തിനാണ് വിദേശത്തേക്ക് കയറ്റിയയച്ചത്’ എന്ന ചോദ്യത്തോടെയുള്ള പോസ്റ്ററുകളാണ് തലസ്ഥാനത്ത് വ്യാപകമായി പതിച്ചത്. സംഭവത്തിൽ പൊതുമുതൽ നശിപ്പിച്ചതടക്കമുള്ള വകുപ്പുകൾ ചുമത്തി 17 കേസുകൾ രജിസ്റ്റർചെയ്ത ഡൽഹി പോലീസ്, വിവിധഭാഗങ്ങളിൽനിന്നായി 15 പേരെ അറസ്റ്റുചെയ്തു.

പോസ്റ്ററുകൾക്കുപിന്നിലെ യഥാർഥകരങ്ങൾ കണ്ടെത്താനുള്ള അന്വേഷണം ഊർജിതമാക്കിയെന്നും കൂടുതൽ അറസ്റ്റിനുസാധ്യതയുണ്ടെന്നും പോലീസ് വൃത്തങ്ങൾ പറഞ്ഞു. ഇതിനായി സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചുവരുകയാണ്.

വടക്കുകിഴക്കൻ ഡൽഹി, രോഹിണി, ദ്വാരക എന്നിവിടങ്ങളിൽനിന്നായി രണ്ടുപേർവീതവും സെൻട്രൽ ഡൽഹിയിലും കിഴക്കൻ ഡൽഹിയിലും നാലുപേർവീതവും വടക്കൻ ഡൽഹിയിൽ ഒരാളുമാണ് അറസ്റ്റിലായവർ. കിഴക്കൻ ഡൽഹിയിലെ കല്യാൺപുരിയിൽനിന്നും എണ്ണൂറിലേറെ പോസ്റ്ററുകളും പിടിച്ചെടുത്തു. 500 രൂപ നൽകി പോസ്റ്റർ ഒട്ടിക്കാൻ ആവശ്യപ്പെട്ടതായി ഒരാൾ മൊഴി നൽകിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

content highlights: 15 arrested for poster criticising prime minister narendra modi