ന്യൂഡൽഹി: സ്ഥാനക്കയറ്റസംവരണവുമായി ബന്ധപ്പെട്ട അവ്യക്തതകൾ നീക്കണമെന്നും ഇതുസംബന്ധിച്ച കേസുകൾ ഉടൻ പരിഗണിക്കണമെന്നും കേന്ദ്രവും വിവിധ സംസ്ഥാനങ്ങളും സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടു.

എന്നാൽ, പട്ടികജാതി-പട്ടികവിഭാഗക്കാർക്ക് സ്ഥാനക്കയറ്റത്തിന് സംവരണം നൽകുന്നതുമായി ബന്ധപ്പെട്ട സുപ്രീംകോടതിയുടെ നേരത്തേയുള്ള തീരുമാനങ്ങൾ പുനഃപരിശോധിക്കില്ലെന്ന് ജസ്റ്റിസ് നാഗേശ്വരറാവു അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. എങ്ങനെയാണ് സ്ഥാനക്കയറ്റസംവരണം നടപ്പാക്കേണ്ടതെന്ന് തീരുമാനിക്കേണ്ടത് സംസ്ഥാനങ്ങളാണ്. ഓരോ സംസ്ഥാനത്തെയും പ്രത്യേക വിഷയങ്ങൾ കണ്ടെത്തി രണ്ടാഴ്ചയ്ക്കകം സുപ്രീംകോടതിയിൽ സമർപ്പിക്കണമെന്നും ബെഞ്ച് ആവശ്യപ്പെട്ടു.

വിവിധ ഹൈക്കോടതികൾ ഇതുസംബന്ധിച്ച് വ്യത്യസ്ത നിലപാടെടുക്കുന്നത് കേന്ദ്രത്തിന് പ്രശ്നമാകുന്നതായി അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ ചൂണ്ടിക്കാട്ടി. അതിനാൽ ഇക്കാര്യത്തിൽ സുപ്രീംകോടതി വ്യക്തതവരുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

സ്ഥാനക്കയറ്റസംവരണവുമായി ബന്ധപ്പെട്ട നാഗരാജ്, ജർണയിൽ സിങ് കേസുകളിലെ തീരുമാനം പുനഃപരിശോധിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് സുപ്രീംകോടതി പറഞ്ഞു. ഓരോ സംസ്ഥാനത്തെയും ഇതുസംബന്ധിച്ച പ്രത്യേക വിഷയങ്ങളുണ്ടെങ്കിൽ അവ കണ്ടെത്തി അറിയിക്കാൻ നേരത്തേ ആവശ്യപ്പെട്ടിരുന്നു. അതിൽ രണ്ടാഴ്ചയ്ക്കകം അന്തിമരൂപമുണ്ടാക്കി സമർപ്പിച്ചാൽ അതനുസരിച്ച് തങ്ങൾക്ക് മുന്നോട്ടുപോകാമെന്നും ബെഞ്ച് വ്യക്തമാക്കി.

സംവരണവിഭാഗങ്ങളുടെ പ്രാതിനിധ്യം കണക്കാക്കാനുള്ള മാനദണ്ഡം നിശ്ചയിക്കുന്നകാര്യം പരിഗണിക്കണമെന്ന് മുതിർന്ന അഭിഭാഷക ഇന്ദിരാ ജെയ്‌സിങ് ചൂണ്ടിക്കാട്ടിയപ്പോൾ, സർക്കാർ എന്തുചെയ്യണമെന്ന് ഉപദേശിക്കലല്ല തങ്ങളുടെ ജോലിയെന്ന് സുപ്രീംകോടതി പറഞ്ഞു. നയം എങ്ങനെ നടപ്പാക്കണമെന്ന് സർക്കാരിനോട് പറയാനാവില്ല. സംസ്ഥാനങ്ങളാണ് അത് തീരുമാനിക്കേണ്ടത്. അതാവട്ടെ കോടതിയുടെ പരിശോധനയ്ക്ക് വിധേയവുമാണെന്ന് ബെഞ്ച് വ്യക്തമാക്കി.

bbകേന്ദ്രത്തിന്റെ പ്രശ്നം

bbസെക്രട്ടേറിയറ്റ്തലത്തിൽ കേന്ദ്രസർക്കാരിന്റെ 1400 തസ്തികകളിൽ സ്വാഭാവികസ്ഥാനക്കയറ്റം (റെഗുലർ പ്രമോഷൻ) നൽകാനാവാത്ത സ്ഥിതിയാണ്. സാധാരണ നിയമനങ്ങളിലേക്കുള്ള സ്ഥാനക്കയറ്റം തുടർന്നും നടത്തണോ, അങ്ങനെ ചെയ്യുന്നത് സംവരണസീറ്റുകളെ ബാധിക്കുമോ എന്നതെല്ലാമാണ് പ്രശ്നം. സ്വാഭാവിക സ്ഥാനക്കയറ്റം നടക്കേണ്ട മറ്റ്‌ 2500 തസ്തികകൾ വർഷങ്ങളായി മരവിച്ചിരിക്കയാണ്. ഹൈക്കോടതികളുടെ തത്‌സ്ഥിതി ഉത്തരവുകളാണ് കാരണം. ഇവയിൽ അഡ് ഹോക് അടിസ്ഥാനത്തിൽ മറ്റ് അവകാശങ്ങളൊന്നും നൽകാതെ സ്ഥാനക്കയറ്റം നൽകാൻ സർക്കാർ ആഗ്രഹിക്കുന്നു.