ന്യൂഡൽഹി: സുപ്രീംകോടതിയിലെ നടപടിക്രമങ്ങൾ തത്സമയം സംപ്രേഷണം ചെയ്യുന്നകാര്യം സജീവ പരിഗണനയിലെന്ന് ചീഫ് ജസ്റ്റിസ് എൻ.വി. രമണ. സുപ്രീംകോടതിയിൽ വീഡിയോ കോൺഫറൻസിങ്ങിലൂടെ നടക്കുന്ന നടപടിക്രമങ്ങൾ മാധ്യമപ്രവർത്തകർക്ക് കാണാനുള്ള മൊബൈൽ ആപ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നടപടിക്രമങ്ങൾ തത്സമയ സംപ്രേഷണം ചെയ്യുന്നതിനുമുമ്പ്‌ തന്റെ സഹപ്രവർത്തകരുടെ പൊതുവായ പിന്തുണ തേടേണ്ടതുണ്ടെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

സുപ്രീംകോടതിനടപടികൾ തത്സമയ സംപ്രേഷണം ചെയ്യുന്നതിന് 2018-ൽ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര തത്ത്വത്തിൽ അംഗീകാരം നൽകിയിരുന്നു. കോടതിനടപടികളുടെ സുതാര്യത വർധിപ്പിക്കാൻ ഇതുസഹായിക്കുമെന്നും അദ്ദേഹം നിരീക്ഷിച്ചു. എന്നാൽ, ഇതിനാവശ്യമായ ചട്ടഭേദഗതി നടന്നിട്ടില്ല.

ചട്ടങ്ങൾ ഭേദഗതിചെയ്യുന്ന നടപടി പുരോഗമിക്കുന്നതായി കഴിഞ്ഞമാസം സുപ്രീംകോടതിയുടെ ഇ-കമ്മിറ്റി അധ്യക്ഷൻ ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് പറഞ്ഞിരുന്നു.