ന്യൂഡൽഹി: കോവിഡ് വാക്‌സിൻ വിതരണത്തിൽ ബാങ്ക് ഉൾപ്പെടെയുള്ള ധനകാര്യസ്ഥാപനങ്ങളിലെ ജീവനക്കാർക്ക് മുൻഗണന നൽകണമെന്ന് കേന്ദ്ര ധനകാര്യമന്ത്രാലയം. ഇതുസംബന്ധിച്ച് ചീഫ് സെക്രട്ടറിമാർക്ക് മന്ത്രാലയം സെക്രട്ടറി ദേബാശിഷ് പാണ്ഡെ കത്തയച്ചു.

ബാങ്കിനുപുറമേ ഇൻഷുറൻസ് കമ്പനികൾ, പണമിടപാട് സേവനദാതാക്കൾ എന്നിവയിലെ ജീവനക്കാർക്കും ബാങ്കിന്റെ സഹായങ്ങൾ പൊതുജനങ്ങളിലെത്തിക്കുന്ന ഏജന്റുമാർക്കും മുൻഗണന നൽകേണ്ടതുണ്ടെന്ന് കത്തിൽ ആവശ്യപ്പെടുന്നു. രോഗവ്യാപനം തടയാൻ സഹായിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്റെ റിപ്പോർട്ടുപ്രകാരം രാജ്യത്ത് ഇതുവരെ ഒന്നരലക്ഷത്തോളം ബാങ്ക് ജീവനക്കാർക്കാണ് കോവിഡ് ബാധിച്ചത്. 1200-ഓളം പേർ മരിച്ചു.