മുംബൈ: രാജ്യത്തെ വലിയ മാധ്യമശൃംഖലകളിലൊന്നായ ടൈംസ് ഗ്രൂപ്പിന്റെ ചെയർപേഴ്‌സൺ ഇന്ദു ജെയിൻ (84) അന്തരിച്ചു. കോവിഡ് ബാധയ്ക്കുശേഷമുള്ള ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് ന്യൂഡൽഹിയിലായിരുന്നു അന്ത്യം.

ഉത്തർപ്രദേശിലെ ഫൈസാബാദിൽ ജനിച്ച ഇന്ദു ഭർത്താവ് അശോക് കുമാർ ജെയിനിന്റെ മരണത്തെത്തുടർന്ന് 1999-ൽ ആണ് ടൈംസ് ഗ്രൂപ്പിന്റെ ചെയർപേഴ്‌സണാകുന്നത്. മാധ്യമസംരഭക എന്നതിലുപരി ജീവകാരുണ്യപ്രവർത്തകയും ആത്മീയാന്വേഷകയും കലാസ്വാദകയും സ്ത്രീശാക്തീകരണത്തിന്റെ വക്താവുമായിരുന്നു അവർ.

ഫിക്കിയുടെ വനിതാവിഭാഗമായ എഫ്.എൽ.ഒ.യുടെ സ്ഥാപകപ്രസിഡന്റ്, ഭാരതീയ ജ്ഞാനപീഠ ട്രസ്റ്റ് ചെയർപേഴ്‌സൺ തുടങ്ങി ഒട്ടേറെ പദവികൾ വഹിച്ചിട്ടുണ്ട്. ജീവകാരുണ്യ സംഘടനയായ ടൈംസ് ഫൗണ്ടേഷന് 2000-ൽ രൂപംനൽകിയത് ഇന്ദുവാണ്. അതേവർഷം അവർ ഐക്യരാഷ്ട്രസഭയുടെ സമാധാനസമ്മേളനത്തെ അഭിസംബോധന ചെയ്തു. വിവിധമേഖലകളിലെ സംഭാവനകൾ പരിഗണിച്ച് 2016-ൽ രാജ്യം ഇന്ദു ജെയിനിന് പദ്മഭൂഷൺ ബഹുമതി സമ്മാനിച്ചു. 2019-ൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യയുടെ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്കാരത്തിന് അർഹയായി.

ടൈംസ് ഗ്രൂപ്പിന്റെ സാരഥികളായ സമീർ ജെയിൻ, വിനീത് ജെയിൻ, നന്ദിത എന്നിവരാണ് മക്കൾ. ഇന്ദു ജെയിനിന്റെ വിയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, രാഷ്ട്രപതി രാംനാഥ് കോവിന്ദ് തുടങ്ങിയ പ്രമുഖർ അനുശോചനം രേഖപ്പെടുത്തി.