ന്യൂഡൽഹി: ചില സംസ്ഥാനങ്ങളിലെ മുസ്‌ലിം ഇതര കുടിയേറ്റക്കാർക്ക് പൗരത്വം നൽകുന്നതു സംബന്ധിച്ച് ആഭ്യന്തരമന്ത്രാലയമിറക്കിയ വിജ്ഞാപനത്തിന് പൗരത്വ നിയമഭേദഗതിയുമായി (സി.എ.എ.) ബന്ധമില്ലെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ ബോധിപ്പിച്ചു. പൗരത്വം നൽകുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രത്തിന്റെ അധികാരങ്ങൾ ജില്ലാ അധികൃതർക്ക് കൈമാറാനാണ് മേയ് 28-ന് വിജ്ഞാപനമിറക്കിയതെന്നും സർക്കാർ വ്യക്തമാക്കി.

കേന്ദ്ര വിജ്ഞാപനം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് മുസ്‌ലിം ലീഗ് നൽകിയ ഹർജിയിലാണ് സർക്കാർ മറുപടി ഫയൽ ചെയ്തത്. കേസ് ചൊവ്വാഴ്ച സുപ്രീംകോടതി പരിഗണിക്കും. പൗരത്വനിയമ ഭേദഗതിയെയും ലീഗ് സുപ്രീംകോടതിയിൽ ചോദ്യംചെയ്തിരുന്നു.

പാകിസ്താൻ, അഫ്ഗാനിസ്താൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽനിന്ന് അഭയാർഥികളായി ഇന്ത്യയിലെത്തി ഗുജറാത്ത്, രാജസ്ഥാൻ, ഛത്തീസ്ഗഢ്, ഹരിയാണ, പഞ്ചാബ് സംസ്ഥാനങ്ങളിലെ 13 ജില്ലകളിൽ കഴിയുന്ന മുസ്‌ലിം ഇതര മതസ്ഥർക്ക് പൗരത്വത്തിന് അപേക്ഷിക്കാമെന്നുകാട്ടിയാണ് കേന്ദ്ര വിജ്ഞാപനം. നിയമപരമായി ഇന്ത്യയിലെത്തിയ വിദേശികൾക്കാണ് വിജ്ഞാപനം ബാധകമാവുന്നത്.

2016-ലും 16 ജില്ലാ കളക്ടർമാർക്ക് പൗരത്വ അപേക്ഷകൾ സ്വീകരിക്കാൻ അധികാരം നൽകിയിരുന്നു. 1955-ലെ പൗരത്വനിയമത്തിലെ അഞ്ചും ആറും വകുപ്പ് പ്രകാരമായിരുന്നു നടപടി. ഇപ്പോൾ 13 ജില്ലാ കളക്ടർമാർക്കുകൂടി അധികാരം നൽകിയതോടെ അത് 29 ആയി. പൗരത്വനിയമവുമായി ബന്ധപ്പെട്ട് കേന്ദ്രത്തിന്റെ ചില അധികാരങ്ങൾ 2004, 2005, 2006, 2016, 2018 വർഷങ്ങളിലും ജില്ലാ കളക്ടർമാർക്ക് നൽകിയിരുന്നതായി സർക്കാർ ചൂണ്ടിക്കാട്ടി.

പൗരത്വനിയമ ഭേദഗതിക്കെതിരായ ഹർജികൾ സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുമ്പോഴാണ് സർക്കാർ വളഞ്ഞവഴിയിലൂടെ അത് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട വിജ്ഞാപനമിറക്കിയതെന്നാണ് മുസ്‌ലിം ലീഗിന്റെ ആരോപണം. ഭരണഘടന ഉറപ്പുനൽകുന്ന തുല്യതയ്ക്കുള്ള അവകാശത്തിന് എതിരാണ് വിജ്ഞാപനമെന്ന് അഡ്വ. ഹാരിസ് ബീരാൻ മുഖേന ഫയൽ ചെയ്ത അപേക്ഷയിൽ ലീഗ് ചൂണ്ടിക്കാട്ടി.