കൊൽക്കത്ത: പഴയകാല ചരിത്രസംഭവങ്ങളുടെ കാര്യത്തിൽ പരസ്പരം കുറ്റപ്പെടുത്തിക്കൊണ്ടുള്ള ഫെയ്സ്ബുക്ക് കുറിപ്പുകളുടെ പേരിൽ പശ്ചിമബംഗാളിലെ കോൺഗ്രസ്-സി.പി.എം. ബന്ധം ഉലയുന്നു. രക്തസാക്ഷി അനുസ്മരണങ്ങളുമായി ബന്ധപ്പെട്ടു നടത്തിയ പദപ്രയോഗങ്ങളാണ് വിവാദമായത്.

ബർധമാൻ ജില്ലയിലെ ആഹ്ളാദിപുരിൽ അരനൂറ്റാണ്ടുമുമ്പ് കോൺഗ്രസുകാരാൽ കൊല്ലപ്പെട്ട സി.പി.എം. പ്രവർത്തകരുടെ അനുസ്മരണ ദിവസത്തിൽ ഡി.വൈ.എഫ്.ഐ. സംസ്ഥാന അധ്യക്ഷ മീനാക്ഷി മുഖർജി ‘കോൺഗ്രസ് ഗുണ്ടാപ്പട’ എന്നു പ്രയോഗിച്ചതാണ് വിവാദത്തിന്റെ തുടക്കം. പ്രാദേശിക കോൺഗ്രസ് നേതാക്കളും അണികളും മീനാക്ഷിയെ വിമർശിച്ചു.

കോൺഗ്രസുകാർ എഴുപതുകളുടെ തുടക്കത്തിൽ സി.പി.എമ്മുകാരോടു ചെയ്ത അതിക്രമങ്ങളുടെ വിശദാംശങ്ങൾ നിരത്തി രാജ്യസഭാംഗം ബികാഷ് രഞ്ജൻ ഭട്ടാചാര്യ പോസ്റ്റിട്ടതോടെ തർക്കം രൂക്ഷമായി. അങ്ങനെ പറയാനാണെങ്കിൽ കോൺഗ്രസിനും ഏറെപ്പറയാനുണ്ടെന്ന് പാർട്ടിനേതാക്കൾ പ്രതികരിച്ചു. സി.പി.എമ്മുകാർ കോൺഗ്രസുകാരെ കൊലപ്പെടുത്തിയ സായിബാഡിയിലെ സംഭവവും അവർ ചൂണ്ടിക്കാട്ടി. കോൺഗ്രസ് ഗുണ്ടാപ്പട എന്ന പ്രയോഗം നടത്തുന്ന ബികാഷ് കോൺഗ്രസിന്റെ പിന്തുണയോടെ നേടിയ രാജ്യസഭാംഗത്വം രാജിവെക്കുമോ എന്നും ചില നേതാക്കൾ ചോദിച്ചു.

ബികാഷിന്റേത് സി.പി.എമ്മിന്റെ ഔദ്യോഗിക നിലപാടാണോ എന്ന് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് സി.പി.എം. സംസ്ഥാന സെക്രട്ടറി സൂര്യകാന്ത മിശ്രയ്ക്ക് കോൺഗ്രസ് കത്തു നൽകി. ചരിത്രം അംഗീകരിച്ചുതന്നെയാണ് പരസ്പരധാരണയിലെത്തിയിട്ടുള്ളതെന്നും അത് കുത്തിപ്പൊക്കി അകൽച്ച സൃഷ്ടിക്കേണ്ടതില്ലെന്നുമാണ് സി.പി.എമ്മിന്റെ നിലപാട്.