മുംബൈ: മഹാരാഷ്ട്രയിൽ മ്യൂക്കർമൈക്കോസിസ് അഥവാ ബ്ലാക്ക് ഫംഗസ് രോഗം ബാധിച്ചവരുടെ എണ്ണം 7,395 ആയി ഉയർന്നതായി സംസ്ഥാന ആരോഗ്യവകുപ്പ് അറിയിച്ചു. ഇതിൽ 644 പേർ മരിച്ചു. 2,212 പേർ രോഗമുക്തി നേടി.

കോവിഡ് ബാധിച്ചവരെയും കടുത്ത പ്രമേഹമുള്ളവരെയും പ്രതിരോധ സംവിധാനത്തിന് കുഴപ്പം സംഭവിച്ചവരെയുമാണ് മ്യൂക്കർമിസെറ്റസ് എന്ന തരം പൂപ്പൽ മൂലമുണ്ടാവുന്ന മ്യൂക്കർമൈക്കോസിസ് പിടികൂടുന്നത്. പുണെ, നാഗ്പുർ, നാസിക്, സോളാപ്പുർ ജില്ലകളിലാണ് രോഗം കാണപ്പെട്ടത്. ബ്ലാക്ക് ഫംഗസ് ബാധ ഒരു അപൂർവ രോഗം എന്ന നിലയിൽനിന്ന് പകർച്ചവ്യാധിയുടെ തലത്തിലേക്ക് മാറിയിരിക്കുകയാണെന്നും അതിനുള്ള മരുന്ന് ആവശ്യത്തിന് ലഭ്യമാക്കാൻ കേന്ദ്രസർക്കാർ അടിയന്തര നടപടിയെടുക്കണമെന്നും ബോംബെ ഹൈക്കോടതി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.

ബ്ലാക്ക് ഫംഗസ് ബാധയെ പകർച്ചവ്യാധികളുടെ പട്ടികയിൽപ്പെടുത്തിയ മഹാരാഷ്ട്ര സർക്കാർ അതിന്റെ ചികിത്സാനിരക്കിന് പരിധി ഏർപ്പെടുത്തിയിട്ടുണ്ട്. ബ്ലാക്ക് ഫംഗസിന്റെ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ആംഫോടെറൈസിൻ ബി (ആംഫോ -ബി) മരുന്നിന്റെ ക്ഷാമമാണ് വെല്ലുവിളിയായിരിക്കുന്നത്. അപൂർവ രോഗമായിരുന്നു എന്നതുകൊണ്ട് മ്യൂക്കർമൈക്കോസിസിനുള്ള മരുന്നുകൾ അധികം ഉത്പാദിപ്പിക്കാറില്ല. അതാണ് ക്ഷാമത്തിന് കാരണം. കോവിഡിന്റെ രണ്ടാം തരംഗത്തിനൊപ്പമാണ് ബ്ലാക്ക് ഫംഗസ് ബാധ പെരുകിയത്.