മുംബൈ: എൻ.സി.പി. നേതാവും മഹാരാഷ്ട്രയിലെ മന്ത്രിയുമായ നവാബ് മാലിക്കിന്റെ മരുമകൻ സമീർ ഖാനെ അറസ്റ്റുചെയ്തതിനുപിന്നാലെ നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻ.സി.ബി.) മുംബൈയിൽ മയക്കുമരുന്നുവേട്ട ശക്തമാക്കി. വ്യാഴാഴ്ച മുംബൈയിലെ കോടതിയിൽ ഹാജരാക്കിയ ഖാനെ 18 വരെ എൻ.സി.ബി. കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.
ചോദ്യം ചെയ്യാനായി മുംബൈ ബലാർഡ് എസ്റ്റേറ്റിലെ എൻ.സി.ബി. ഓഫീസിലേക്കുവിളിപ്പിച്ച സമീർഖാനെ ബുധനാഴ്ച വൈകീട്ടാണ് എൻ.സി.ബി. അറസ്റ്റുചെയ്തത്. വ്യാഴാഴ്ച വൈദ്യപരിശോധനയ്ക്കുശേഷം എസ്സ്‌പ്ളനേഡിലെ കോടതിയിൽ ഹാജരാക്കി. സമീർഖാനെ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന എൻ.സി.ബി.യുടെ അപേക്ഷ കോടതി അംഗീകരിച്ചു.
വ്യാഴാഴ്ചതന്നെ അദ്ദേഹത്തിന്റെ ബാന്ദ്രയിലെ വസതിയിൽ എൻ.സി.ബി. റെയ്ഡ് നടത്തി. മയക്കുമരുന്നു കച്ചവടത്തിന് പണം നൽകിയെന്ന കുറ്റമാണ് റിയൽ എസ്റ്റേറ്റ് മേഖലയിൽ പ്രവർത്തിക്കുന്ന 35-കാരനായ ഖാനെതിരേ ചുമത്തിയിട്ടുള്ളത് ഒരു ദിവസംമുഴുവൻ ചോദ്യംചെയ്തശേഷമാണ് സമീർ ഖാനെ അറസ്റ്റുചെയ്തതെന്ന് എൻ.സി.ബി. മേഖലാഡയറക്ടർ സമീർ വാൻഖഡേ അറിയിച്ചു.
അറസ്റ്റിനെത്തുടർന്ന് മുംബൈയിൽ മയക്കുമരുന്ന് വേട്ട ഊർജിതമാക്കിയിട്ടുണ്ട്. ബുധനാഴ്ച രാത്രിമുതൽ നഗരത്തിന്റെ വിവിധഭാഗങ്ങളിൽ റെയ്ഡുകൾ നടക്കുന്നുണ്ടെന്ന് എൻ.സി.ബി. ഉദ്യോഗസ്ഥർ അറിയിച്ചു. മയക്കുമരുന്നുകടത്തുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം അറസ്റ്റിലായ ബ്രിട്ടീഷ് പൗരൻ കരൺ സജ്‌നാനിയിൽനിന്ന് കിട്ടിയ വിവരമനുസരിച്ചാണ് സമീർഖാനെ അറസ്റ്റുചെയ്തത്. ബാന്ദ്രയിലും മുംബൈയിലും നടത്തിയ തിരച്ചിലിൽ 200 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തതിനുപിന്നാലെയാണ് കരൺ സജ്‌നാനിയെയും വ്യാപാരപങ്കാളിയായിരുന്ന രാഹില ഫർണിച്ചർവാലയെയും സഹോദരി ഷയിസ്തയെയും എൻ.സി.ബി. ശനിയാഴ്ച അറസ്റ്റുചെയ്തത്.
കരണിന് സമീർ ഖാൻ ഗൂഗിൾ പേ വഴി 20,000 രൂപ കൈമാറിയതായി എൻ.സി.ബി. കണ്ടെത്തിയിട്ടുണ്ട്.
ആരും നിയമത്തിന് അതീതരല്ല എന്നായിരുന്നു മരുമകൻ അറസ്റ്റുചെയ്യപ്പെട്ട സംഭവത്തിൽ മന്ത്രി നവാബ് മാലിക്കിന്റെ പ്രതികരണം. നീതിന്യായ സംവിധാനത്തിൽ തനിക്ക് വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.