മുംബൈ: കേരളത്തിൽ ഇടതുമുന്നണിയുടെ സഖ്യകക്ഷിയായ എൻ.സി.പി.യുടെ മുന്നണിമാറ്റം സംബന്ധിച്ച് പ്രവർത്തകരുമായി ചർച്ചനടത്തിയശേഷം തീരുമാനിക്കുമെന്ന് എൻ.സി.പി. ദേശീയാധ്യക്ഷൻ ശരദ്പവാർ പറഞ്ഞു. ഇതിനായി 23-ന് കൊച്ചിയിലെത്തി പാർട്ടി പ്രവർത്തകസമിതി അംഗങ്ങളെ വെവ്വേറെയായി കാണും. ഇതിനുശേഷമേ മുന്നണിമാറ്റം സംബന്ധിച്ച് അന്തിമതീരുമാനമുണ്ടാകൂ എന്നും പവാർ പറഞ്ഞു. മുംബൈയിലെത്തിയ കേരള അധ്യക്ഷൻ പീതാംബരൻ മാസ്റ്ററുമായിനടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു പവാർ.
-നാല്പത് വർഷത്തെ ബന്ധമാണ് എൽ.ഡി.എഫുമായുള്ളതെന്നും വിഷയംസംബന്ധിച്ച് ഇടതുമുന്നണി നേതാക്കളുമായും ചർച്ചനടത്തുമെന്നും പവാർ പറഞ്ഞു.
കേരളത്തിലെ രാഷ്ടീയസാഹചര്യം പീതാംബരൻമാസ്റ്റർ കൂടികാഴ്ചയിൽ ശരദ്പവാറിനെ ധരിപ്പിച്ചു. ഒരാഴ്ചയ്ക്കിടെ രണ്ടാം തവണ പവാറുമായി കൂടിക്കാഴ്ചനടത്തിയ പീതാംബരൻ മാസ്റ്റർ കേരള മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചർച്ചയിലെ വിശദാംശങ്ങളും പവാറിനെ ധരിപ്പിച്ചു. പാലാ സീറ്റ് വിട്ടുകൊടുക്കില്ലെന്ന നിലപാടിൽ ദേശീയനേതൃത്വം ഉറച്ചു നിൽക്കുന്നതായും പീതാംബരൻ മാസ്റ്റർ പറഞ്ഞു.
നരിമാൻ പോയന്റിലെ വൈ.ബി. ചവാൻ സെന്ററിലെത്തിയാണ് അദ്ദേഹം പവാറിനെ കണ്ടത്. നേരത്തെ സീതാറാം യെച്ചൂരി, ഡി. രാജ എന്നിവരുമായി കർഷകസമരം സംബന്ധിച്ചും വിശാല പ്രതിപക്ഷസഖ്യത്തിന് രൂപംനൽകേണ്ട വിഷയത്തെക്കുറിച്ചും ചർച്ചചെയ്തെന്നും ശരദ് പവാർ പറഞ്ഞു. ആരോഗ്യകാര്യങ്ങൾ തിരക്കി കോൺഗ്രസ് നേതാവ് ഉമ്മൻ ചാണ്ടി ഫോണിൽ സംസാരിച്ചെന്നുപറഞ്ഞ പവാർ മുന്നണിമാറ്റ ചർച്ചകൾ ഉണ്ടായിട്ടില്ലെന്നും വ്യക്തമാക്കി.