ഹൈദരാബാദ്: വ്യക്തിഗത വായ്പകൾ നൽകുന്ന ആപ്പുകൾക്കെതിരേ ആരോപണമുയർന്ന പശ്ചാത്തലത്തിൽ അത്തരം ഒട്ടേറെയെണ്ണം ഇൻറർനെറ്റ് സെർച്ച് എൻജിനായ ഗൂഗിൾ തങ്ങളുടെ പ്ലേസ്റ്റോറിൽനിന്ന് നീക്കി. ഇവ ഉപയോക്തൃ സുരക്ഷാ നയങ്ങൾ ലംഘിക്കുന്നതായി കണ്ടെത്തിയതിനെത്തുടർന്നാണ് നടപടിയെന്ന് ഗൂഗിൾ വൈസ് പ്രസിഡന്റ് സുസെൻ ഫ്രേ പറഞ്ഞു.
തട്ടിപ്പുമായി ബന്ധപ്പെട്ട് പോലീസ് നടത്തുന്ന അന്വേഷണത്തിൽ പൂർണസഹകരണമുണ്ടാകുമെന്നും ഉപയോക്താക്കളുടെ സുരക്ഷ, സ്വകാര്യത എന്നിവയ്ക്കാണ് തങ്ങൾ പ്രാധാന്യം കൊടുക്കുന്നതെന്നും അവർ വ്യക്തമാക്കി. ചെറിയ തുക വായ്പ നൽകുകയും തിരിച്ചടയ്ക്കുന്നതിൽ പരാജയപ്പെടുന്നവരെ അവരുടെ സ്വകാര്യ വിവരങ്ങൾ ചോർത്തി ഉപദ്രവിക്കുകയും ചെയ്യുന്നതാണ് ഇത്തരം വ്യക്തിഗത വായ്പത്തട്ടിപ്പ് കമ്പനികളുടെ രീതി.
ഉടൻ വായ്പ ആപ്ലിക്കേഷൻ തട്ടിപ്പിനെക്കുറിച്ച് തെലങ്കാന പോലീസ് നടത്തിയ അന്വേഷണത്തിൽ കഴിഞ്ഞ ദിവസം ഒരു ചൈനീസ് പൗരനടക്കം രണ്ടുപേരെ താനെയിൽ അറസ്റ്റ് ചെയ്തിരുന്നു. കോടിക്കണക്കിനു രൂപയുടെ തട്ടിപ്പ് കേസിൽ ഇതുവരെ രാജ്യത്ത് നാല് ചൈനീസ് പൗരന്മാർ ഉൾപ്പെടെ 31 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.