ചെന്നൈ: ക്രിക്കറ്റ് കളിക്കവേ പന്ത് നെഞ്ചിൽക്കൊണ്ട് നിയമവിദ്യാർഥി മരിച്ചു. തിരുവള്ളൂരിന് സമീപം പുന്നപ്പാക്കത്തെ ലോകനാഥ(20)നാണ് മരിച്ചത്. കൂട്ടുകാരുമായി ക്രിക്കറ്റ് കളിക്കവേ ഉയർന്നുവന്ന പന്ത് പിടിച്ചെടുക്കുമ്പോൾ നെഞ്ചിൽ കൊള്ളുകയായിരുന്നു. കുഴഞ്ഞുവീണ ലോകനാഥനെ ഉടനെ തിരുവള്ളൂർ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻരക്ഷിക്കാനായില്ല. ആശുപത്രിയിൽ ചികിത്സ ലഭിക്കാത്തതിനാലാണ് ലോകനാഥൻ മരിച്ചതെന്നാരോപിച്ച് കൂട്ടുകാരും ബന്ധുക്കളും റോഡുപരോധിച്ചു. ആന്ധ്രാപ്രദേശിലെ സ്വകാര്യ ലോകോളേജിൽ രണ്ടാംവർഷ നിയമവിദ്യാർഥിയാണ് ലോകനാഥൻ.