ന്യൂഡൽഹി: തിരഞ്ഞെടുപ്പു തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിന്റെ കോൺഗ്രസ് പ്രവേശ വിഷയത്തിൽ ജി.-23 നേതാക്കളിലും ഭിന്നത. പാർട്ടിയെ ശക്തിപ്പെടുത്താനുള്ള അധ്യക്ഷ സോണിയാ ഗാന്ധിയുടെ തീരുമാനത്തിന്റെ ഭാഗമായാണ് കിഷോറിന്റെ പാർട്ടിപ്രവേശം പരിഗണിക്കുന്നതെന്ന് ജി.-23 നേതാക്കളിലൊരാളായ വീരപ്പ മൊയ്‌ലി പറഞ്ഞു. ജി.-23 എന്നത് അടഞ്ഞ അധ്യായമാണെന്നും ചിലനേതാക്കൾ ആ കൂട്ടായ്മയെ ദുരുപയോഗംചെയ്ത് സജീവമായി നിലനിർത്താനും വ്യവസ്ഥാപിതമാക്കാനും ശ്രമിക്കുകയാണെന്നും മൊയ്‌ലി കുറ്റപ്പെടുത്തി.

പ്രശാന്ത് കിഷോറിന് ഉന്നതപദവി നൽകി പാർട്ടിയിലെത്തിക്കുന്നതിൽ ജി.-23 നേതാക്കൾക്ക് വിയോജിപ്പാണുള്ളതെന്ന് നേരത്തേ വാർത്ത പുറത്തുവന്നിരുന്നു. ഇക്കാര്യം ചർച്ചചെയ്യാൻ ജന്മാഷ്ടമിദിനത്തിൽ കപിൽ സിബലിന്റെ വീട്ടിൽ ജി.-23 നേതാക്കൾ യോഗം ചേർന്നിരുന്നു. 2017- നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്-എസ്.പി. സഖ്യം പ്രശാന്ത് കിഷോറിന്റെ ആശയത്തിലൂന്നി ഉത്തർപ്രദേശിൽ പ്രവർത്തിച്ചിട്ടും പരാജയപ്പെട്ട കാര്യം ജി.-23 നേതാക്കൾ അന്നു വിലയിരുത്തി.

135 വർഷത്തെ പാരമ്പര്യമുള്ള പാർട്ടിയിൽ പ്രശാന്ത് കിഷോറിനെ നേരിട്ട് ജനറൽ സെക്രട്ടറിയോ പ്രവർത്തകസമിതി അംഗമോ അഹമ്മദ് പട്ടേലിനെപ്പോലെ പൊളിറ്റിക്കൽ മാനേജരോ ആക്കുന്ന കാര്യത്തിലുള്ള വിയോജിപ്പും ഇവർ മാധ്യമങ്ങളോട് വെളിപ്പെടുത്തി. അതേസമയം, നിലവിലുള്ള പാർട്ടിസംഘടനാ സംവിധാനത്തിനു കീഴിൽ പ്രത്യേക തിരഞ്ഞെടുപ്പുവകുപ്പ് സൃഷ്ടിച്ച് പാർട്ടിക്കാരൻ എന്ന നിലയിൽ പ്രശാന്ത് കിഷോറിന്റെ വൈദഗ്ധ്യം ഉപയോഗിക്കുന്നത് അംഗീകരിക്കാമെന്നും നേതാക്കൾ തീരുമാനിച്ചിരുന്നു. ഇക്കാര്യത്തിൽ കാത്തിരുന്നു കാണാം എന്ന നിലപാടും യോഗത്തിൽ നേതാക്കൾ സ്വീകരിച്ചു. സംഘടനയിൽ സമൂലമാറ്റം വേണമെന്നാവശ്യപ്പെട്ട് അധ്യക്ഷ സോണിയാ ഗാന്ധിക്ക് കത്തെഴുതിയ 23 നേതാക്കളുടെ സംഘമാണ് ജി.-23 (ഗ്രൂപ്പ് 23).

നേരത്തേ സോണിയാ ഗാന്ധിക്ക് കത്തെഴുതിയത് സംഘടനയിൽ പരിഷ്കരണത്തിനു വേണ്ടിയാണെന്നും എന്നാലക്കാര്യത്തിൽ അധ്യക്ഷ നടപടി തുടങ്ങിയതോടെ മാധ്യമങ്ങൾ വിളിപ്പേരുനൽകിയ ജി.-23 ഇല്ലാതായെന്നും വീരപ്പ മൊയ്‌ലി പറഞ്ഞു. 18-19 വർഷം ഊർജസ്വലതയോടെ പാർട്ടിയെ നയിച്ച സോണിയ ഇപ്പോൾ സ്വീകരിക്കുന്ന നിലപാടുകൾ പാർട്ടിയെ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതിനാൽ കത്തെഴുതിയ നേതാക്കൾ ഇനി എല്ലാം നിർത്തണമെന്നും സോണിയയെ സുപ്രധാന തീരുമാനങ്ങൾ എടുക്കാൻ അനുവദിക്കണമെന്നും മൊയ്‌ലി ആവശ്യപ്പെട്ടു.

പ്രശാന്ത് കിഷോറിന്റെ പ്രവേശനവുമായി ബന്ധപ്പെട്ട് പ്രവർത്തകസമിതി നേതാക്കൾക്കിടയിലും ഭിന്നതയുണ്ട്. നേതാക്കളുടെ അഭിപ്രായമറിയാൻ മുതിർന്ന പ്രവർത്തകസമിതി അംഗങ്ങളായ എ.കെ. ആന്റണി, അംബികാ സോണി എന്നിവരെ സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ വിളിച്ച യോഗത്തിൽ ചുമതലപ്പെടുത്തിയിരുന്നു.